അജാനൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വിജയോത്സവം നടത്തി
അജാനൂര്‍ : അജാനൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് നീലേശ്വരം നഗരസഭാ മുന്‍ ചെയര്‍മാനും കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളറുമായ പ്രൊഫസര്‍ കെ പി ജയരാജന് പറഞ്ഞു. വാര്‍ഡ് വികസന സമിതി സംഘടിപ്പിച്ച വിജയോത്സവവും മോട്ടിവേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് വാര്‍ഡ് വികസന സമിതി വാര്‍ഡ് പരിധിയിലെ എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനം നല്‍കുന്നത് എന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാളെ നാടിന്റെ ഭാഗഥേയം നിര്‍ണ്ണയിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളായ അറുപത്തിനാല് വിദ്യാര്‍ത്ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ മുഖ്യാത്ഥിതി ആയിരുന്നു. രജേഷ് കുട്ടകനി മോട്ടിവേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് വികസന സമിതി അംഗം എ പവിത്രന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി ഡി എസ് മെമ്പര്‍ ടി വി ജയശ്രീ നന്ദി പറഞ്ഞു.