വിമാനത്തിലെ വധശ്രമക്കേസ്; കെ എസ് ശബരീനാഥൻ അറസ്റ്റിൽ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. മുൻ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലാണ് ശബരീനാഥൻ ഇപ്പോഴുള്ളത്. അറസ്റ്റ് ചെയ്ത സമയവും രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി അൽപസമയത്തിനകം കേസ് വീണ്ടും പരിഗണിക്കും.ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടത് ശബരീനാഥൻ ആണെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശമടങ്ങുന്ന സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്നും പ്രതിഷേധിക്കേണ്ടേ എന്നുമായിരുന്നു ശബരീനാഥന്റെ പേരിലുള്ള സന്ദേശം.ഇതിനുപിന്നാലെ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ എത്താൻ ശബരീനാഥന് പൊലീസ് നിർദേശം നൽകുകയായിരുന്നു.