കാസർകോട്:പെരിയ കല്യോട്ട് നടന്ന പെരുങ്കളിയാട്ടത്തിനിടെ ഉണ്ടായ നടുക്കുന്ന ഭക്ഷ്യ വിഷബാധയെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാകുന്നു.ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും നടത്തിയ അന്വേഷണത്തിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.അന്നദാനത്തിൽ പങ്കുകൊണ്ട നിരവധിപേർക്ക് വിഷബാധയും ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നതായി ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനും ഉറപ്പിച്ചിട്ടുണ്ട്.വിവരം കിട്ടുമ്പോൾ തലസ്ഥാനത്തായിരുന്ന എം.എൽ.എ ഡി.എം.ഒയെ വിളിച്ചു ആവശ്യമായ സുരക്ഷയൊരുക്കാൻ നിർദേശിച്ചിരുന്നു.എന്നാൽ ഭക്ഷ്യ വിഷ സംഭവം നടന്നിട്ടില്ലെന്ന നിലപാടിലാണ് ഉത്സവ സംഘാടകർ. അതിനിടെ നാടിനെ നടുക്കിയ സംഭവത്തെ സംബന്ധിച്ച ചില മാധ്യമങ്ങളുടെ നടപടിക്കെതിരെ ജനങ്ങളിൽ വൻ അമർഷം ഉയർന്നിട്ടുണ്ട്.മാധ്യമ രംഗത്ത് പരക്കെ ചർച്ചചെയ്യപ്പെടുന്ന പണം നൽകി വാർത്ത നൽകുന്ന ഏർപ്പാട് കല്ല്യോട്ട് നടന്നതായാണ് ആരോപണം.ഈപെയ്ഡ് ന്യൂസ് ഏർപ്പാട് വിഷബാധ സംഭവത്തിലും ആവർത്തിക്കുകയായിരുന്നു.ഇക്കാര്യത്തിൽ ജില്ലയിലെ ഭൂരിഭാഗം മാധ്യമപ്രവർത്തകരും കടുത്ത അസംതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.വാർത്ത മുക്കിയ സംഭവത്തിൽ കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും പത്രലേഖകർക്കെതിരെ തുറന്ന ചർച്ചകളാണ് നടക്കുന്നത്.
അതേസമയം വിഷബാധ സംഭവം പുറത്തുവന്നയുടൻ പ്രശ്നത്തെ വർഗീയമാക്കാൻ ചിലർ ശ്രമിച്ചതും നാട്ടിൽ പാട്ടായി.മലപ്പുറത്തുനിന്ന് വന്ന ഐസ്ക്രീം കഴിച്ചാണ് വിഷബാധ ഉണ്ടായതെന്നായിരുന്നു തൽപരകക്ഷികളുടെ പ്രചാരണം .പക്ഷെ ഈ കുൽസിതനീക്കം വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നതോടെ പൊളിഞ്ഞുപാളീസായി.ഉത്സവനഗരിയിൽ നിരവധി മാദ്ധ്യമപ്രവർത്തകരെ ആദരിച്ചു എഴുന്നെള്ളിച്ചതും പരക്കെ അവമതിപ്പുണ്ടാക്കി.
റിപ്പോർട്ട് :
കെ.എസ് .ഗോപാലകൃഷ്ണൻ