കൊല്ലം: കൊട്ടിയത്ത് പിടിയിലായ സ്ത്രീകളടക്കമുള്ള സംഘം ‘വീട്ടിലെ ഊണ് ‘ എന്ന പേരിലെ റസ്റ്റോറന്റിന്റെ മറവിൽ നടത്തിയത് അനാശാസ്യ പ്രവർത്തനങ്ങളും പെൺവാണിഭവും. പൊലീസ് അറസ്റ്റ് ചെയ്ത കടയുടമ ഇരവിപുരം സ്വദേശി അനസ് (33), വാളത്തുംഗൽ സ്വദേശി ഉണ്ണി (28), ആദിച്ചനല്ലൂർ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിൻരാജ് (25), തങ്കശ്ശേരി കോത്തലവയൽ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു (28), കടയുടമയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ എന്നിവരെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.ഒരു മാസമായി കൊട്ടിയം സിതാര ജംഗ്ഷന് സമീപം കട വാടകയ്ക്കെടുത്താണ് അനാശാസ്യത്തിനുള്ള സൗകര്യം ഒരുക്കിയത്. കട വലിയ വാടകയ്ക്കെടുത്ത് രാത്രിയും പകലും ഭക്ഷണത്തിനുള്ള സൗകര്യവും ഒപ്പം അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ നടത്തിവരികയായിരുന്നു. പുരുഷനും സ്ത്രീയും എത്തിയാൽ മുറിയും മറ്റു സൗകര്യങ്ങളും നൽകും. പൊലീസ് റെയ്ഡ് നടത്തിയ സമയത്തുണ്ടായിരുന്നവരാണ് പിടിയിലായത്. രാപ്പകലില്ലാതെ ആളുകളെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരിൽ ചിലർ സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. കമ്മിഷണർ നിയോഗിച്ച ഷാഡോ പൊലീസ് രഹസ്യ നിരീക്ഷണം നടത്തിയ ശേഷം കൊട്ടിയം പൊലീസുമായെത്തി റെയ്ഡ് നടത്തിയാണ് പെൺവാണിഭസംഘത്തെ പൊക്കിയത്.