കാസർകോട് : ചന്ദ്രഗിരി പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടർന്ന് കെഎസ്ടിപി വഴി വരുന്ന വാഹനങ്ങൾ ദേശീയപാത വഴിയോ പെരുമ്പള പാലം വഴിയോ തിരിച്ചുവിടുകയാണ്. ഇത് ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. ചട്ടഞ്ചാൽ വഴിയും പെരുമ്പള വഴിയും കടന്നുവരുന്ന വാഹനങ്ങൾ സംഗമിക്കുന്ന നായന്മാർമൂല ടൗണിൽ നിന്നുതിരിയാൻ ഇടമില്ലാത്തവിധം വാഹനക്കുരുക്കായി. സാധാരണ പത്ത് മിനിറ്റ് സഞ്ചരിക്കേണ്ട ദൂരം ഒരു മണിക്കൂർ ഇരുന്നാലും എത്താത്ത സ്ഥിതിയാണുള്ളത്. റോഡരികിലെ പാർക്കിങ്ങും ചെറുവാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പോക്കും ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്.
ചന്ദ്രഗിരി പാലത്തിന്റെ പണി നടക്കുന്നതും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും ആഴ്ചകൾക്ക് മുമ്പേ പൊതുജനങ്ങളെ അറിയിച്ചതാണെങ്കിലും ഗതാഗതക്കുരുക്കിനുള്ള സാധ്യത മുൻകൂട്ടി കണ്ട് നടപടിയെടുക്കുന്നതിൽ നിയമപാലകരും പരാജയപ്പെട്ടതാണ് ശനിയാഴ്ച പ്രകടമായത്. നായന്മാർമൂല മുതൽ അണങ്കൂർ വരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷം.
പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ബോർഡ് സ്ഥാപിച്ച് വാഹനങ്ങളെ ദേശീയപാതയിലൂടെ പൊലീസ് തിരിച്ചുവിട്ടു. ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ പകൽനേരങ്ങളിൽ നിയന്ത്രിച്ചിരുന്നെങ്കിൽ ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കണാൻ സാധിക്കുമായിരുന്നു.
പാലത്തിന്റെ അറ്റകുറ്റപ്പണി എത്രയും വേഗത്തിൽ പൂർത്തിയാക്കാനാവശ്യമായ നടപടി സ്വീകരിച്ചതായി കെഎസ്ടിപി അധികൃതർ അറിയിച്ചു. സ്പാനുകൾക്കിടയിലെ വിള്ളൽ കൂടിവരുന്നതും കാലപ്പഴക്കവും പാലത്തിന് ബലക്ഷയമുണ്ടാക്കിയിട്ടുണ്ട്. ഭാരംകൂടിയ നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്നതും കാരണമാണ്. സ്പാനുകൾക്കിടയിലെ വിള്ളൽ മാറ്റാനായി കോൺക്രീറ്റ് പൊട്ടിച്ച് കമ്പി വെൽഡ് ചെയ്ത് പിടിപ്പിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്യുകയാണ്. കൈവരികളും ശരിയാക്കുന്നുണ്ട്. രണ്ടാഴ്ചക്കുള്ളിൽ പണി പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കും. ശേഷം ബേക്കൽ പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും കരാർ ഏറ്റെടുത്ത എറണാകുളം പത്മജ സ്പെഷ്യാലിറ്റീസ് പ്രോജക്ട് മാനേജർ സെനിത്ത് മനാരി പറഞ്ഞു.
കാഞ്ഞങ്ങാടുനിന്നും കെഎസ്ടിപി വഴിയുള്ള കെഎസ്ആർടിസി ബസ്സുകൾ പാലത്തിന് സമീപത്തുവരെ സർവീസ് നടത്തുന്നുണ്ട്. മറുവശത്ത് യാത്രക്കാരുടെ സൗകര്യാർഥം ഓട്ടോറിക്ഷകളും ഓടുന്നുണ്ട്. തിരക്കേറിയ രാവിലെയും വൈകിട്ടും കെഎസ്ആർടിസിയുടെ ഏതാനും ബസ്സുകളും പാലത്തിന് സമീപത്തുനിന്നും ബസ്സ്റ്റാൻഡിലേക്ക് സർവീസ് നടത്തിയിരുന്നു.