ടെഹ്റാൻ : യുദ്ധമുന്നറിയിപ്പുമായി ചരിത്രത്തിലാദ്യമായി ക്യോം ജാംകരന്‍ മസ്ജിദിലെ താഴികക്കുടത്തില്‍ ഇറാൻ ചെങ്കൊടി ഉയര്‍ത്തി . യുഎസ് വധിച്ച ഇറാന് വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി ഖാസിം സുലൈമാനിയുടെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങിലാണ് ചുവന്ന കൊടി ഉയര്‍ത്തിയത്. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധ സൂചനയായാണ് ഈ പതാക ഉയര്‍ത്തുന്നത്. ഷിയാ വിശുദ്ധ നഗരമായ ക്യോമിലെ മസ്ജിദില്‍ ഈ കൊടി ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.
ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിയപ്പെട്ട രക്തത്തെ പ്രതീകവല്ക്കരിക്കുന്ന ചുവന്ന കൊടികള്‍ പ്രതികാരം ചെയ്യാനുള്ള ആഹ്വാനമായാണ് കണക്കാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇറാനിയന്‍ നഗരത്തിലെ ജാംകരന്‍ പള്ളിയുടെ മുകളില്‍ ചുവന്ന പതാക ഉയര്‍ത്തുന്നത്. യുഎസിനെതിരെ കടുത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പിന് ശേഷമാണ് കൊടി ഉയര്‍ത്തിയിട്ടുള്ളത്.
അതിനിടെ, സുലൈമാനിയയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെ ഇറാഖി തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസിന്റെ എംബസിയേയും സൈനിക താവളത്തേയും ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, ഇറാനും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരായ കടുത്ത നടപടിയുണ്ടാവുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ 52 പ്രധാനസ്ഥലങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനെ സംബന്ധിച്ചിടത്തോളം സാംസ്കാരികമായും അല്ലാതെയും പ്രാധാന്യമുള്ള ഇടങ്ങളാണ് ഇവയെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. 1979ല്‍ ഇറാന് ബന്ദികളാക്കിയത് അമേരിക്കക്കാരുടെ എണ്ണം 52 ആണെന്നതാണ് ഈ അക്കത്തിന്റെ പ്രാധാന്യമെന്നും ട്രംപ് ട്വിറ്ററില്‍ അറിയിച്ചു.
അതിനിടെ, യുഎസ് സൈനിക താവളത്തിലുള്ള ഇറാഖി സൈനികരോട് അവിടെ നിന്ന് അകലം പാലിക്കാന്‍ ഇറാന് പിന്തുണയുള്ള ഷായാ അര്‍ധസൈനിക വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എസ്, ഇറാന് സംഘര്‍ഷസാധ്യത തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കനത്ത ജാഗ്രതയില്‍ ആണ്. യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കി മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സൗദി, അബുദാബി കിരീടാവകാശികളുമായി നിലവിലെ സാഹചര്യങ്ങള്‍ ഫോണില്‍ ചര്‍ച്ച ചെയ്തു.