നീലേശ്വരം: നഗരസഭയിലെ മുരടിപ്പിന് കാരണം പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് തര്‍ക്കമാണെന്ന് പരക്കെ ആക്ഷേപമുയരുന്നു.തദ്ദേശതെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പാര്‍ട്ടികത്തെ ഗ്രൂപ്പുകളുടെ പോര് പാര്‍ട്ടി ജില്ലാഘടകവും ചര്‍ച്ചചെയ്തു.വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ നീലേശ്വരം നഗരഭരണം സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് നഷ്ടപ്പെടുമെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നത്.നീലേശ്വരം ഏരിയകമ്മിറ്റിയിലെ ബ്രാഞ്ച് യോഗങ്ങളില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.നീലേശ്വരം നഗരപിതാവ് പ്രഫ.ജയരാജന് പാര്‍ട്ടി കേന്ദ്രക്കമ്മറ്റിയംഗത്തിന്റെ പിന്‍ബലത്തിലാണ് ആ സ്ഥാനത്തെത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.അതുകൊണ്ട് തന്നെ സംസ്ഥാന നിയമസഭ പ്രതിനിധി പ്രതിനിധീകരിക്കുന്ന മറുവിഭാഗം നീലേശ്വരം നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്രപരിഗണന നല്‍കുന്നില്ലെന്ന് ആരോപിക്കുന്നുണ്ട്.ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന രാജാറോഡിന്റെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടായിട്ട് നാളേറെയായെങ്കിലും പദ്ധതി ഇപ്പോഴും കിഫ്ബിക്ക് മുന്നിലാണ്.ഇതിന് ഗതിവേഗം വരുത്തേണ്ടുന്ന മണ്ഡലം ജനപ്രതിനിധി ഇതില്‍ വേണ്ടത്ര താല്പര്യംമെടുക്കുന്നില്ലെ ന്നാണ് ആരോപണം.കൂടാതെ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയംഗങ്ങളെ ബോധ്യപ്പെടുത്താന്‍ പല നേതാക്കളും ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.നിരവധി പെണ്‍വിഷയങ്ങളില്‍ മങ്ങിയ മുഖം നഷ്ടപ്പെട്ട സി.പി.എം നീലേശ്വരം ഏരിയ
കമ്മിറ്റിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പഴയതിലും ശക്തമാണിപ്പോള്‍.ഇത് നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നതായും പ്രവര്‍ത്തനങ്ങള്‍ തിരസ്കരിക്കുകയും ചെയ്യുന്നുവെന്നും പല പാര്‍ട്ടി മെമ്പര്‍മാരും കുറ്റപ്പെടുത്തുന്നു.പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് വടംവലിയും സ്ത്രീവിഷയത്തിലകപ്പെട്ട നേതാക്കളും ഉന്നതനേതാക്കളുടെ താന്പൊരിമയില് താഴെത്തട്ടിലേക്ക് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും പല ബ്രാഞ്ച് കമ്മിറ്റികളെയും നിര്‍ജ്ജീവമാക്കിയിട്ടുണ്ട്.സ്ത്രീസഖാക്കളുള്പ്പടെ ഇക്കാര്യങ്ങള്‍ തുറന്നടിക്കുകയും വിശദീകണം നല്കാന് പറ്റാതെ പലരും കുഴങ്ങുന്നതും പതിവായിരിക്കുകയാണ്.സംസ്ഥാന തലത്തില്‍ നിന്ന് ജില്ലയിലെ ഇത്തരം പ്രശനങ്ങളില്പ്പെട്ട് സമവായത്തിലെത്തിയില്ലെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പല തദ്ദേശമണ്ഡലങ്ങളിലും പാര്‍ട്ടി രുചിക്കേണ്ടിവരുമെന്ന് പാര്‍ട്ടി മെമ്പര്‍മാര്‍ തന്നെ പറയുന്നു.
റിപ്പോർട്ട്
അഖിലേഷ്