കാസർകോട് കാട്ടാനശല്യം തടയാൻ അടിയന്തിര നടപടി
കാസർകോട് :കാട്ടാനശല്യം തടയാൻ അടിയന്തിര നടപടി സ്വീകരിക്കാൻ തീരുമാനം. കാസർകോട് ജില്ലാ വനം ഓഫീസിൽ ചേർന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കാറഡുക്ക ബ്ലോക്ക് പരിധിയിലെ കാട്ടാനശല്യം രൂക്ഷമായ ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തിലെ പ്രസിഡന്റുമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കർഷകർക്ക് ആശ്വാസമായി തീരുമാനമെടുത്തത്. കാട്ടാനശല്യം തടയുന്നതിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ആനപ്രതിരോധ പദ്ധതിയിലെ ആദ്യ ഘട്ടമായ വേലി നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാലാണ് രൂക്ഷമായ കാട്ടാനശല്യമുണ്ടായതെന്ന് യോഗം വിലയിരുത്തി. പ്രതികൂല കാലാവസ്ഥയാണ് വേലി നിർമാണത്തിന് തടസ്സം നിന്നതെന്ന് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ എൻജിനീയർ ഹംസ വിശദീകരിച്ചു. കാട്ടാനശല്യം രൂക്ഷമായിട്ടും അടിയന്തിര നടപടി സ്വീകരിക്കാത്ത വനംവകുപ്പിനെതിരെയും യോഗത്തിൽ വിമർശനമുണ്ടായി. ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നും സൗകര്യങ്ങൾ പരിമിതമായതിനെത്തുടർന്നും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയാതിരുന്ന ദ്രുതകർമ സേനയെ പുനർവിന്യസിക്കാൻ യോഗം തീരുമാനിച്ചു. ആവശ്യമുള്ള ജീവനക്കാരെ നൽകി സേനയുടെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. യോഗത്തിൽ ജില്ലാ വനം മേധാവി പി ബിജു അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി, കാറഡുക്ക പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം നാസർ, ബേഡഡുക്ക പഞ്ചായത്തംഗം രജനി, കെപിഎച്ച്സിസി എൻജിനീയർ ഹംസാർ, വനംവകുപ്പ് സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ എൻ വി സത്യൻ, എം ജയകുമാർ, എം പി രാജു എന്നിവർ സംസാരിച്ചു.
മൂന്ന് കിലോമീറ്റർ വേലി ആഗസ്ത് അഞ്ചിനകം
–
ഉൾവനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പിനും ബെള്ളക്കാനയ്ക്കും ഇടയിൽ മൂന്ന് കിലോമീറ്റർ വേലി അടിയന്തിരമായി നിർമിക്കണമെന്ന് ആനവേലി നിർമിക്കുന്ന പൊലീസ് ഹൗസിങ് കോർപറേഷനോട് യോഗം ആവശ്യപ്പെട്ടു.
തീർത്ഥക്കരയിൽ ദ്രുതകർമ സേന ക്യാമ്പ് ചെയ്യും
–
ആനപ്രതിരോധ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് നടത്തിയ പ്രത്യേക ഡ്രൈവിൽ ഉൾവനത്തിലേക്ക് അയക്കാൻ ശ്രമിച്ച നാല് ആനകളാണ് ഇപ്പോൾ നിരന്തര കൃഷിനാശമുണ്ടാക്കുന്നത്. കനത്ത മഴയും ദ്രുതകർമ സേനയ്ക്കുള്ള സൗകര്യങ്ങളുടെ കുറവും കാരണം കാട്ടാനകൾ ദേലംപാടിയിലെ തീർത്ഥക്കര, കാനത്തൂർ, പാണൂർ പ്രദേശങ്ങളിൽ തമ്പടിച്ച് കൃഷി നശിപ്പിച്ചു. ഏറെ പ്രയാസമുണ്ടാക്കിയ തീർത്ഥക്കരയിൽ ദ്രുതകർമ സേന ക്യാമ്പ് ചെയ്ത് കാട്ടാനശല്യം നിയന്ത്രിക്കാൻ യോഗത്തിൽ തീരുമാനമായി. സെക്ഷൻ ഫോറസ്ററ് ഓഫീസർ എം പി രാജുവിന്റെ നേതൃത്വത്തിൽ ആനകളെ തുരത്തുന്നത് വരെ തീർത്ഥക്കരയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും.