ചെന്നൈ: ട്വിറ്ററില്‍ വ്യാജ വീഡിയോ പങ്കുവെച്ച പുതുച്ചേരി ഗവര്‍ണറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തെന്നും അത് ഓം എന്നാണെന്നും പറയുന്ന വീഡിയോ ആണ് കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവെച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍മീഡിയയില്‍ സജീവമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വീഡിയോയാണ് കിരണ്‍ ബേദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
സൂര്യന്റെ സോളാര്‍ ശബ്ദം നേരത്തെ നാസ റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടിരുന്നു. ഇതിനെ വളച്ചൊടിച്ചാണ് സൂര്യന്റേത് ഓം കാര ശബ്ദമാണെന്ന വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഗൂഗിളില്‍ തിരഞ്ഞാല്‍ വളരെ എളുപ്പത്തില്‍ തന്നെ യാഥാര്‍ത്ഥ്യം മനസ്സിലാകുമെന്നിരിക്കേയാണ് സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണം കിരണ്‍ ബേദിയും ഏറ്റെടുത്തത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കിരണ്‍ ബേദിയെ പരിഹസിച്ച് രംഗത്ത് എത്തിയത്. ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്ന താങ്കളെപ്പോലുള്ള വ്യക്തികള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുമ്ബോള്‍ ഒരു തവണയെങ്കിലും അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.
നാസ പുറത്തുവിട്ട യാഥാര്‍ത്ഥ വീഡിയോയും ചിലര്‍ കിരണ്‍ ബേദിക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉണ്ടായിരുന്ന വ്യക്തിത്വം. അവരുടെ ഒരു ട്വീറ്റ് ആണ് ഇത്.. വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു ഐ പി എസ് ഓഫീസര്‍, ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, അന്ധഭക്തയായാല് ഇതാണ് പരിണാമം’-എന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.