ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവില്‍ പേരാടുന്നവര്‍ക്ക് പെന്ഷന് നല്‍കുമെന്ന പ്രഖ്യാപനവുമായി സമാജ്വാദി പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാര്‍ക്ക് പെന്ഷന് നല്‍കുമെന്നാണ് പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ റാം ഗോവിന്ദ് ചൗധരി പ്രഖ്യാപിച്ചത്. യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പിയെ താഴെയിറക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. കലാപങ്ങളുടെയും സാമൂഹ്യവിരുദ്ധതയുടെയും ഡി.എന്‍.എയാണ് സമാജ് വാദി പാര്‍ട്ടിയുടേതെന്നാണ് ബി.ജെ.പിയുടെ അധിക്ഷേപം. ഇതിനുള്ള മറുപടിയായാണ് ഗോവിന്ദ് ചൗധരിയുടെ പ്രഖ്യാപനം.
ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും നമ്മുടെ പാര്‍ട്ടി അധികാരത്തിലെത്തും. അങ്ങിനെയാണെങ്കില്‍ സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ ചെയ്ത എല്ലാവര്ക്കും പെന്ഷന് അനുവദിക്കും. ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പോരാടിയ എല്ലാവരും അതിന് അര്‍ഹരാണ് -ഗോവിന്ദ് ചൗധരി പറഞ്ഞു. യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെച്ച് വാഗ്വാദങ്ങള്‍ നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.