ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 4.75 ലക്ഷം; 2.75 ലക്ഷം സൈബര്‍ പോലീസ് തിരിച്ചുപിടിച്ചു
മുളന്തുരുത്തി: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി മുളന്തുരുത്തി, പാമ്പാക്കുട സ്വദേശികളില്‍നിന്ന് നാലേമുക്കാല്‍ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. നഷ്ടമായതില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് തിരിച്ചുപിടിച്ചു. മുളന്തുരുത്തി സ്വദേശിക്ക് മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും പാമ്പാക്കുട സ്വദേശിക്ക് ഒരു ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. രണ്ടുപേരും സമാനമായ തട്ടിപ്പിനാണ് ഇരയായത്. പാമ്പാക്കുട സ്വദേശിയുടെ പണം ഏറെക്കുറെ പൂര്‍ണമായി തിരിച്ചുകിട്ടി.
മുളന്തുരുത്തി സ്വദേശിയെ തട്ടിപ്പുസംഘം മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ബോണസ് പോയിന്റുകള്‍ പണമായി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി തിരിച്ചറിയല്‍ പരിശോധനയ്ക്കെന്നു പറഞ്ഞാണ് വിളിച്ചത്. മൊബൈലിലേക്കു വന്ന ഒ.ടി.പി. തട്ടിപ്പുകാര്‍ക്ക് കൈമാറിയതോടെ അക്കൗണ്ടിലുണ്ടായിരുന്ന 3.6 ലക്ഷം രൂപ നഷ്ടപ്പെട്ടു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പു സംഘം ഓണ്‍ലൈനില്‍ ലഭിച്ച തുക മറ്റൊരു ആപ്പ് വഴി ഗിഫ്റ്റ് കാര്‍ഡ് പര്‍ച്ചേസിനായി വിനിയോഗിച്ചെന്നു കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇത് ബ്ലോക്ക് ചെയ്യുകയും ആപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ തിരികെ പിടിക്കുകയും ചെയ്തു. ബാക്കി തുകയ്ക്ക് തട്ടിപ്പ് സംഘം ആപ്പിള്‍ ഫോണുള്‍പ്പെടെ വാങ്ങിയിരുന്നു.
സമാന സന്ദേശമാണ് മൊബൈല്‍ ഫോണില്‍ പാമ്പാക്കുട സ്വദേശിക്കും ലഭിച്ചത്. പണം ലഭിക്കാനായി യുവാവ് തട്ടിപ്പുസംഘം അയച്ച ലിങ്കില്‍ കയറി െക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ഉടന്‍ അക്കൗണ്ടിലുണ്ടായ ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തുടര്‍ന്ന് തട്ടിപ്പ് സംഘം മറ്റൊരു ആപ്ലിക്കേഷന്‍ വഴി തട്ടിയെടുത്ത തുക പണമാക്കി മാറ്റാനുള്ള ശ്രമം നടത്തി. ഇതിനിടെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പണം തിരിച്ചുപിടിക്കുകയായിരുന്നു. തട്ടിപ്പുസംഘത്തെ കണ്ടെത്താനുള്ള അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍ വഴി വരുന്ന ഇത്തരം സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.