മുംബൈ: സഖ്യത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം മഹാരാഷ്ട്രയില്‍ ബിജെപിയെ സഹായിച്ച് ശിവസേന. ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനേയും എന്‍സിപിയേയും ഞെട്ടിച്ച് കൊണ്ട് ശിവസേന ബിജെപിക്കൊപ്പം നിന്നത്. മൂന്ന് ശിവസേന അംഗങ്ങളാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ ജില്ലാ പരിഷദ് തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം കണ്ടു. ശിവസേനയും ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിച്ചത് എന്നാണ് ജില്ലാ പരിഷദ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുളള തീരുമാനത്തിന് കാരണമായി പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ജനുവരി 2നാണ് ജില്ലാ പരിഷദ് തിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിക്ക് 35 വോട്ടുകളും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 22 വോട്ടുകളും ലഭിച്ചു. ബിജെപിയുടെ പ്രജക്ത കോര്‍ ചെയര്‍മാനും ശിവാജി ദോംഗ്രെ വൈസ് ചെയര്‍മാനുമായും തിരഞ്ഞെടുക്കപ്പെട്ടു. പഴയ സഖ്യകക്ഷിയായ ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് ശിവസേന എംഎല്‍എ അനില്‍ ബബ്ബാറിന്റെ പ്രതികരണം. പാര്‍ട്ടി നേതൃത്വം അറിയാതെയല്ല ഈ നീക്കമെന്നും ബബ്ബാര്‍ പറഞ്ഞു. തങ്ങള്‍ എക്കാലവും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് എതിരെയാണ് പ്രവര്‍ത്തിച്ചിട്ടുളളത്. അതുകൊണ്ട് ഇപ്പോള്‍ എങ്ങനെ അവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്യും എന്നും ശിവസേന എംഎല്‍എ ചോദിക്കുന്നു.
മുഖ്യമന്ത്രി പദവി നിരസിച്ചതിനെ തുടര്‍ന്ന് എന്‍ഡിഎ വിട്ടാണ് ശിവസേന കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയത്. എന്‍ഡിഎ വിട്ടതിന് ശേഷം ശിവസേന നേതൃത്വം ബിജെപിയെ നിരന്തരം കടന്നാക്രമിക്കുന്നുണ്ട്. അതിനിടയിലെ ഈ മലക്കം മറിച്ചല്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും ഞെട്ടിച്ചിരിക്കുകയാണ്.