തൃക്കരിപ്പൂര്‍: സംസ്ഥാനത്ത് പുതുവര്‍ഷദിനം മുതല്‍ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം പേപ്പര്‍ ബാഗ് നിര്‍മ്മാണമേഖലയ്ക്ക് പുത്തന്‍ ഉണര്വ്വേകുമെന്നു പ്രതീക്ഷ. പരിസ്ഥിതിക്ക് കോട്ടമാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ക്കറ്റുകളില്‍ യഥേഷ്ടം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ അടക്കമുള്ളവ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി ഇളമ്ബച്ചിക്കടുത്ത് തലിച്ചാലത്ത് പേപ്പര്‍ ബാഗ് നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം മൂലം വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് ബാഗിനേക്കാള്‍ വില അല്‍പ്പം കൂടുമെന്നതിനാല്‍ പൊതുജനങ്ങളും വിമുഖത കാണിച്ചു.
ജ്വല്ലറികള്‍, ടെക്സ്റ്റൈയില്‍സ്, ബേക്കറികള്‍ വിവിധ തരം ഷോറൂമുകള്‍ എന്നിവയ്ക്കാണ് നിലവില്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച വിവിധങ്ങളായ ബാഗുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. 4 രൂപ മുതല്‍ 12 രൂപ വരെ വിലയിലുള്ള പേപ്പര്‍ ബാഗുകളാണ് തലിച്ചാലത്തെ പേപ്പര്‍ ബാഗ് യൂണിറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ജില്ലയില്‍ പലയിടത്തും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റം ഇവയുടെയൊക്കെ നടുവോടിച്ചു.
എന്നാല്‍ തലിച്ചാലത്തെ സ്ഥാപനം ഹരിഗോവിന്ദും ഭാര്യ രാധികയും ചേര്‍ന്ന് പിടിച്ചു നിര്‍ത്തുകയായിരുന്നു. അംഗപരിമിതികളടക്കം ഇരുപതോളം പേരാണ് വൈന്‍ മാര്‍ക്ക് എന്ന തലിച്ചാലത്തെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. സര്‍ക്കാരിന്റെ പ്ലാസ്റ്റിക്കിനോടുള്ള പുതിയ നയസമീപനം മുടങ്ങിക്കിടക്കുന്ന പല പേപ്പര്‍ ബാഗ് കമ്ബനികള്‍ക്കും ഉണര്വ്വേകിയേക്കും.