കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനായി കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങി. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്ടുഒയില്‍ ശനിയാഴ്ച രാവിലെ ആറു മുതലാണു സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങിയത്.
ദക്ഷിണാഫ്രിക്കന്‍ കന്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റില്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) യും ജില്ലാ മജിസ്ട്രേറ്റും സ്ഫോടനം നടത്താനുള്ള അന്തിമാനുമതി നല്‍കിയത്.
കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമള്‍ഷെന്‍ സ്ഫോടക ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങളാണു ഒ20 ഫ്ളാറ്റില്‍ തൂണുകളില്‍ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കും.
അങ്കമാലിയില്‍നിന്ന് പോലീസിന്റെ അകന്പടിയോടെ അതീവസുരക്ഷയിലാണു സ്ഫോടകവസ്തുക്കള്‍ എത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ ജോലി പൂര്‍ത്തിയാക്കുമെന്നാണു കരുതുന്നത്. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ശനിയാഴ്ച വൈകിട്ട് ഏഴിനു യോഗം വിളിച്ചിട്ടുണ്ട്.