കൂറ്റൻ തിരമാലയിൽപ്പെട്ട് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ ഒലിച്ചുപോയി, രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; സലാലയിലെ ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ പുറത്ത്
മസ്കറ്റ്: കൂറ്റൻ തിരമാലയിൽപ്പെട്ട് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ ഒലിച്ചുപോയ അപകടത്തിന്റെ ദാരുണമായ ദൃശ്യങ്ങൾ പുറത്ത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപ്രതീക്ഷിതമായി വന്ന വലിയ തിരമാലയിൽപ്പെട്ടവർ കടലിലേയ്ക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ദുബായില്‍നിന്നുള്ള പ്രവാസി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. വിനോദ സഞ്ചാര കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. എട്ട് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
Watch: A family is swept away by a giant wave on #Oman's Mughsail beach after eight members reportedly crossed the beach's boundary fence.https://t.co/2KHqOMobdD pic.twitter.com/w2auuYfUku
— Al Arabiya English (@AlArabiya_Eng) July 12, 2022
കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറു വയസുകാരനായ മകന് ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകള്‍ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തില്‍ കാണാതായ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.