ന്യൂഡല്‍ഹി: ഇറാന് സൈനിക കമാന്‍ഡറെ യു.എസ് വ്യോമാക്രമണത്തില്‍ വധിച്ച സംഭവം ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥക്കും കനത്ത തിരിച്ചടിയുണ്ടാക്കും. എണ്ണവില വര്‍ധനവ് മൂലം ഇന്ത്യയില്‍ പണപ്പെരുപ്പം ഉയരുന്നതിന് ഇത് കാരണമാകും. ആക്രമണത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ക്രൂഡ്ഓയില്‍ വില ബാരലിന് 3 ഡോളറാണ് വര്‍ധിച്ചത്. 69.16 ഡോളറാണ് ക്രൂഡ്ഓയിലന്റെ ഇന്നത്തെ വില. സൗദി ആരാംകോ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും ഉയരുന്നത്.
കടുത്ത പ്രതിസന്ധിക്കിടയിലും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വലിയ രീതിയില്‍ ഉയരാത്തത് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥക്ക് ആശ്വാസം നല്‍കിയിരുന്നു. 2011-12 വര്‍ഷത്തില്‍ 100 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡോയില്‍ വില 2015-16 വര്‍ഷത്തില്‍ 50 ഡോളറിലേക്ക് താഴ്ന്നിരുന്നു. 2016-17ല്‍ 56 ഡോളറായിരുന്നു എണ്ണവില. ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ എണ്ണവില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത. ഇത് ഇന്ത്യക്കുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.
എണ്ണവില 100 ഡോളറിന് മുകളിലെത്തിയപ്പോള്‍ രാജ്യത്തെ പണപ്പെരുപ്പം വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. ഭക്ഷ്യോല്പന്നങ്ങളുടെ വില വര്‍ധനവാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം. വീണ്ടും അതേസാഹചര്യം ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയിലെ പ്രധാന ആശങ്ക. എണ്ണവില ഉയരുന്നത് ഇന്ത്യയുടെ ധനകമ്മി കൂടാനും ഇടയാക്കും. 80 ശതമാനം ക്രൂഡോയില്‍ ഉല്പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇറക്കുമതി ചെലവ് കൂടുന്നതോടെ ധനകമ്മി ഉയരും. എണ്ണവില ഉയര്‍ന്നതിന് പിന്നാലെ രൂപയുടെ വിനിമയ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.