പട്ന: ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര് സംസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിലുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.
ഹിന്ദു പുത്ര സംഘാതന്‍ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമജ് സംഘാതന്‍ അംഗമായ വികാസ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗ് നിര്‍മ്മാണ യൂണിറ്റ് തൊഴിലാളിയായ പതിനെട്ടുകാരന് അമിര്‍ ഹന്‍സലെയെയാണ് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.ഹിന്ദു പുത്ര സംഘാതനെതിരെ കഴിഞ്ഞ മെയ് മാസം ബിഹാര്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. സംഘാതനടക്കം 19 സംഘടനകളുടെ നടത്തിപ്പുകാരെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
പൗരത്വ നിയമത്തിലും എന്‍.ആര്.സിയിലും ഓണ്‍ലൈന്‍ പോളുകള്‍; ഫലങ്ങള്‍ ഇങ്ങനെ
ഡിസംബര്‍ 21ന് നടന്ന പ്രതിഷേധത്തിനെതിരെ വര്‍ഗീയവികാരം അഴിച്ചുവിടുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് നാഗേഷും വികാസുമാണെന്ന് പൊലീസ് പറയുന്നു. കുറ്റകരമായ ഗൂഢാലോചന കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.പ്രതിഷേധ സമയത്തും അതിന് മുന്‍പും ഇരുവരും വന്ന ഫേസ്ബുക്ക ലൈവുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഒരു വീഡിയോയില്‍ വികാസ് പൊലീസ് ഹിന്ദുക്കളെ പീഡിപ്പിക്കുകയാണെന്ന് വിളിച്ചു പറയുന്നുണ്ട്. എല്ലാ ഹിന്ദു പുത്രരും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഫുല്‍വാരി ഷെരീഫിലേക്ക് എത്തിച്ചേരണമെന്നും നാഗേഷ് ആവശ്യപ്പെടുന്നുണ്ട്.
ഇവര്‍ അംഗങ്ങളായ രണ്ട് സംഘടനകളെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ രണ്ടു പേരും പട്നയില്‍ നിന്നുള്ളവരല്ല. പുറത്തു നിന്നും ആളുകളെ കൊണ്ടു വന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രീതി കുറച്ചു നാളുകളായി ഇത്തരത്തിലുള്ള സംഘടനകള്‍ നടത്തി വരുന്നുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ഇത്തരത്തിലുള്ള പ്രവണതയുണ്ടായിരുന്നെന്നും ബീഹാര്‍ പൊലീസ് പറഞ്ഞു.