പുഴയിൽ നീന്താനിറങ്ങിയ പത്ത് വയസുകാരനെ മുതല വിഴുങ്ങി; കുട്ടിയെ തുപ്പിയില്ലെങ്കിൽ വയറുകീറി പുറത്തെടുക്കുമെന്ന് നാട്ടുകാർ
ഭോപ്പാൽ: പത്ത് വയസുകാരനെ വിഴുങ്ങിയെന്ന് ആരോപിച്ച് മുതലയെ കൊല്ലാനൊരുങ്ങി നാട്ടുകാർ. മദ്ധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. തിങ്കളാഴ്ച ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ അന്തർ സിംഗ് എന്ന കുട്ടിയെ കാണാനില്ലെന്നും മുതല വിഴുങ്ങിയെന്നുമാണ് നാട്ടുകാർ പറയുന്നത്. മുതല കുട്ടിയെ വലിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നും സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഉടൻ തന്നെ ഇവർ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടുകയായിരുന്നു.
സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു സംഘവും ശ്രമിച്ചെങ്കിലും കുട്ടിയുടെ വീട്ടുകാർ ഇതിന് സമ്മതിച്ചില്ല. ‘മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെ ഉണ്ടാകുമെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടിയെ തുപ്പിയാൽ മാത്രമേ മുതലയെ വിട്ടുനൽകൂ എന്നും ഇവർ പറഞ്ഞു. അല്ലെങ്കിൽ മുതലയുടെ വയർ കീറി പുറത്തെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. ‘കുട്ടി കുളിക്കുന്നതിനിടെ നദിയിൽ ആഴത്തിലേയ്ക്ക് പോവുകയായിരുന്നു. കുട്ടിയെ മുതല വിഴുങ്ങിയെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇക്കാര്യത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്. മുതലയെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.’ – രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിംഗ് തോമർ പറഞ്ഞു. അതേസമയം, കുട്ടി പുഴയിൽ മുങ്ങിപ്പോയതാകാമെന്ന് സംശയിക്കുന്നതായും തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.