തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. സമ്മേളനം കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്കരിക്കുന്നതിനിടെയാണ് രാഹുലിന്റെ അഭിനന്ദനം .
മുഖ്യമന്ത്രി പിണറായി വിജയന് രാഹുലിന്റെ അഭിനന്ദന കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറഞ്ഞു. അതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 12-നാണ് രാഹുല്‍ കത്തയച്ചിരിക്കുന്നത്.
അതേ സമയം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ധൂര്‍ത്താണ് നടത്തുന്നതെന്നാരോപിച്ചാണ് ഇത്തവണത്തെ സമ്മേളനം യുഡിഎഫ് ബഹിഷ്കരിച്ചത്. ഒന്നാം സമ്മേളനത്തിലെടുത്ത 60 തീരുമാനങ്ങളില്‍ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ലോക കേരള സഭയുടെ വൈസ്.ചെയര്മാന് സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് നേതാക്കള്‍ ആരും പങ്കെടുത്തില്ല. ഇതിനിടെയാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി പങ്കുവെച്ചത്. രാഹുലിന്റെ അഭിനന്ദനത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
ഇതിനിടെ യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിച്ച് മുസ്ലിം ലീഗിലെ ഒരു വിഭാഗം ലോക കേരള സഭയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബഹിഷ്കരിക്കാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേരത്തെ ഭിന്നസ്വരം അറിയിച്ചിരുന്നെങ്കിലും മുന്നണിയുടെ പൊതുതീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു