കൊവിഡ് വാക്സിൻ എടുത്ത ഏഴാം ക്ലാസ് വിദ്യാർത്ഥിനി പിറ്റേദിവസം മരണപ്പെട്ടു, ഹൃദയാഘാതമല്ല കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോട്ടയം : കൊവിഡ് വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഛർദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തിൽ ഹൃദയാഘാതമല്ല മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ അനിൽകുമാർ അജിത ദമ്പതികളുടെ മകൾ ദേവി അനിൽകുമാർ (12) ആണ് മരിച്ചത്. ഹൃദയഭിത്തികളിൽ രക്തസ്രാവമുണ്ടായിരുന്നു. വാക്സിന്റെ അലർജി കാണാൻ സാധിച്ചില്ല. പതോളജി, കെമിക്കൽ റിപ്പോർട്ട് വന്നേ ശേഷമേ കൂടുതൽ വിവരം നൽകാൻ കഴിയൂവെന്ന് ഫോറൻസിക് വിഭാഗം ഡോക്ടർ അറിയിച്ചു.
ശനിയാഴ്ച അതിരമ്പുഴ പി.എച്ച്.സിയിൽ നിന്നാണ് വാക്സിൻ എടുത്തത്. രാത്രിയിൽ രണ്ട് തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കടുത്ത പനിയും, ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണം സംഭവിച്ചു. ശനിയാഴ്ച 174 പേർക്ക് കോർബീ വാക്സിൻ നൽകിയിട്ടുണ്ടെന്നും മറ്റാർക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പി.എച്ച്.സി അധികൃതർ പറഞ്ഞു. മൃതദേഹം എസ്.എച്ച് മൗണ്ട് സെന്റ് മെർസലിനാസ് ഹൈസ്കൂളിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: ദുർഗ.