കാണാതായ പത്താംക്ലാസുകാരിയെ സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പം കോട്ടയത്തെ ലോഡ്ജിൽ കണ്ടെത്തി
പത്തനംതിട്ട: മൂഴിയാറിൽ നിന്ന് കാണാതായ പത്താംക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കിൽഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിൻ(33)നെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കും.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷിബിൻ ഇന്നലെ പുലർച്ചെ നാലിനാണ് പെൺകുട്ടിയുമായി നാടുവിട്ടത്. കൊച്ചുകോയിക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് ഷിബിൻ. മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിംഗ് ഓപ്ഷൻ ഇട്ടിരുന്നു. നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു.
പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെ പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.
മകളെ കാണാനില്ലെന്ന് അറിതോടെ ഷിബിന്റെ ഫോണിലേക്ക് മാതാവ് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്തു. മൂഴിയാർ ഇൻസ്പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.