കോഴിക്കോട്: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 8000 പേജുള്ള കുറ്റപത്രത്തില്‍ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വഞ്ചന, വിഷം കൈയില്‍ സൂക്ഷിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികളുടെമേല്‍ ചുമത്തിയിരിക്കുന്നത്. ഒന്നാംപ്രതി ജോളി, രണ്ടാം പ്രതി എം.എസ് മാത്യു, മൂന്നാം പ്രതി പ്രജി കുമാര്‍, നാലാം പ്രതി മനോജ് എന്നിങ്ങനെയാണ് പട്ടിക. കേസില്‍ മാപ്പ് സാക്ഷികളില്ല. സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അന്വേഷത്തിന് നേതൃത്വം നല്കിയ എസ്.പി കെ.ജി സൈമണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കടലക്കറിയിലും വെള്ളത്തിലും സയനേഡ് കലര്‍ത്തിയാണ് ജോളി റോയിയെ കൊലപ്പെടുത്തിയത്. ഇത് കുട്ടികള്‍ കഴിക്കാതിരിക്കാന്‍ അവരെ നേരത്തെ ഉറക്കിക്കെടുത്തുകയായിരുന്നു. റോയിയെ ആശുപത്രിയില്‍ കൊണ്ടുപോയ വിവരമൊന്നും കുട്ടികളെ പറഞ്ഞില്ലെന്നും മരണകാരണം ഹൃദയാഘാതമാണെന്നും കുട്ടികളെ ജോളി അറിയിച്ചെന്നും എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിനിടെ നിരവധി വ്യാജരേഖകള്‍ ജോളി ഉണ്ടാക്കിയെടുത്തു. ബി.കോം എം.കോം സര്‍ട്ടിഫിക്കറ്റ്, എന്‍.ഐ.ടി ഐ.ഡി കാര്‍ഡ്, യു.ജി.സി നെറ്റ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളാണ് ഉണ്ടാക്കിയെടുത്തത്. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.