കാസർകോട്: കാസർകോട് ജില്ലയിലെ എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ല ആസ്ഥാനത്ത് നടത്തിയത് നിശബ്ദ വിപ്ലവം. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതിന് എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ സെല്‍ മാത്രമല്ല റവന്യു വകുപ്പിലെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ നഷ്ടപരിഹാര വിതരണം നിശ്ചയിച്ചതിലും മൂന്നു മാസം മുന്‍പ് വിതരണം പൂര്‍ത്തിയാക്കാനായി.
മെയ് മുതല്‍ ജൂലൈ പതിനൊന്നുവരെ 5056 പേര്‍ക്കായി 199.68,50,000 കോടിയുടെ ധനസഹായം വിതരണം ചെയ്തു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായ തുക അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്തു. മെയ് മുതല്‍ ജൂലൈ പതിനൊന്നു വരെ 5056 പേര്‍ക്കായി 199 കോടി 68,50,000 (നൂറ്റിതോണ്ണൂറ്റി ഒന്‍പത് കോടി അറുപത്തിയെട്ട് ലക്ഷത്തി അന്‍പതിനായിരം രൂപ) രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. 2022 മാര്‍ച്ച് 15നാണ് 200 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. മെയ് മാസം പകുതിയോടെ നടപടികള്‍ ആരംഭിച്ചു.
തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കി. കെ ജി ബൈജു, അശോക് കുമാര്‍, മധുസൂദനന്, പി ജെ തോമസ്, ശാന്ത, ശാന്ത കൃഷ്ണന്, സജി, എം.വി രവീന്ദ്രന് എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്.
മെയ് 20ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പി.ആര് ചേമ്പറില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തു.
കോവിഡ് രോഗികള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ആരംഭിച്ച രൂപപ്പെടുത്തിയ മാതൃകയില്‍ മാറ്റം വരുത്തി നഷ്ടപരിഹാരം വിതരണം സുഗമമാക്കാന്‍ ഉപയോഗിക്കുമെന്നും ജൂണ്‍ രണ്ടാമത്തെ ആഴ്ചയോടുകൂടി വിതരണം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജൂണ്‍ മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരികയും അര്‍ഹരായവര്‍ക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു. നരിട്ടോ അടുത്തുള്ള അക്ഷയ സെന്ററിലോ വില്ലേജ് ഓഫീസ് മുഖാന്തിരമോ ഈ പോര്‍ട്ടലില്‍ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഇതിനോടകം തുക ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കഴിഞ്ഞു.
ഒക്ടോബര്‍ മാസത്തിനകം ധനസഹായ വിതരണം പൂര്‍ത്തീകരിക്കുമെന്നാണ് കളക്ടര്‍ അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ജൂലൈ രണ്ടാം വരത്തില് തന്നെ അപേക്ഷിച്ച മുഴുവന്‍ ദുരിത ബാധിതര്‍ക്കും ധനസഹായം നല്കാന് ജില്ലാ ഭരണകൂടത്തിനായി. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ പ്രവര്‍ത്തിക്കുകയും കളക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലേയും മുഴുവന്‍ ജീവനക്കാരും എന്‍ഡോസള്‍ഫാന്‍ തുക വിതരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തതോടെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കൂടുതല്‍ ആളുകള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ സാധിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ സെല്‍ യോഗത്തില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നഷ്ടപരിഹാര വിതരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്കി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ ഇനിയും അപേക്ഷ നല്‍കാത്ത ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട് ഒ.പി. നമ്പര്‍ ലഭ്യമായവരുടെ പട്ടിക കന്നഡയിലും മലയാളത്തിലും പ്രമുഖ മാധ്യമങ്ങളില്‍ പബ്ലിക് നോട്ടീസ് ആയി പ്രസിദ്ധീകരിച്ചു. ദുരിത ബാധിതര്‍ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ അവകാശികള്‍ മതിയായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്നും അറിയാമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.
നാല് താലൂക്കുകളിലെ താഹ്സില്ദാര്മാരും റവന്യൂ ജീവനക്കാരും കൂട്ടായ യജ്ഞത്തിന് ഒപ്പം നിന്നുവെന്ന് എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ശശിധരന് പിള്ള പറഞ്ഞു.