‘എടുത്തുകൊണ്ട് പോകുമ്പോൾ നിലത്ത് വീഴാറുണ്ട്, ആ മണ്ണോടെ ഞങ്ങൾ ആശുപത്രിയിൽ പോകും’; എൻഡോസൾഫാൻ ദുരിതബാധിതനായ സജിത്തിന് വീട്ടിലേയ്ക്കുള്ള വഴി വാങ്ങി നൽകി സുരേഷ് ഗോപി
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ സജിത്തിന് വീട്ടിലേയ്ക്കുള്ള വഴി വാങ്ങി നൽകി ചലച്ചിത്രതാരം സുരേഷ് ഗോപി. വീട്ടിലേയ്ക്ക് പോകാൻ സ്വന്തമായി വഴി ഇല്ലാത്തതിനാൽ സഹോദരി ഷൈനി സജിത്തിനെ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ഒരു സ്വകാര്യ വാർത്താ ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സജിത്തിന്റെയും കുടുംബത്തിന്റെയും വളരെ കാലത്തെ സ്വപ്നം സുരേഷ് ഗോപി സാക്ഷാത്ക്കരിച്ചത്.
‘സുരേഷ് ഗോപി സാറിന് നന്ദി. സാർ എന്ന് പറയുന്നില്ല സ്വന്തം ഏട്ടനാണ്. അദ്ദേഹത്തോടും കുടുംബത്തോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയായാലും മഴ വന്നാലും അനിയനെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണ്. പലപ്പോഴും നിലത്ത് വീണിട്ടുണ്ട്, ആ മണ്ണോടെ ആശുപത്രിയിൽ പോകും. സഹായിക്കാൻ ആരും എത്താറില്ല. ഇനി വണ്ടി വീട്ടിലേയ്ക്ക് വരുമല്ലോ എന്ന സന്തോഷമുണ്ട്. ഇത്രയും വലിയ സഹായം ചെയ്ത സുരേഷേട്ടനെ നേരിൽ കാണണമെന്നുണ്ട്.’- ഷൈനി പറഞ്ഞു. അതേസമയം, സജിത്തിന്റെ പേര് ഇപ്പോഴും എൻഡോസൾഫാൻ ദുരിതബാധിതരുടെ ഔദ്യോഗിക പട്ടികയിൽ ഇല്ല.