എംഎല്‍എമാരെ ബിജെപി വിലയ്ക്കുവാങ്ങുന്നു, വാഗ്ദാനം 40 കോടി; ആരോപണവുമായി കോണ്‍ഗ്രസ്
പനജി: ബിജെപിയില്‍ ചേരാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് 40 കോടി രൂപവരെ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദന്കറാണ് ആരോപണം ഉന്നയിച്ചത്. വ്യവസായികളും കല്‍ക്കരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എംഎല്‍എമാരെ വിളിച്ചതെന്നാണ് അദ്ദേഹം ആരോപിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പണം നല്കി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബിജെപി ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തന്‍വാഡെ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ ഏഴ് പേര് വിട്ടുനിന്നിരുന്നു. ഇവര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുതിയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
പതിനൊന്ന് എം.എല്‍.എ.മാരില്‍ ഒമ്പതുപേര്‍ രഹസ്യയോഗം ചേര്‍ന്നെന്നും ഇവര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുകയാണെന്നുമാണ് സൂചന. മഡ്ഗാവ് എം.എല്‍.എ.യും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്താണ് ഗ്രൂപ്പ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
വിമതനീക്കം പ്രകടമായതോടെ പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോയെ സ്ഥാനത്തുനിന്നു നീക്കി. ലോബോയും രാജേഷ് ഫാല്ദേശായിയും കേദാര്‍ നായിക്കും ഞായറാഴ്ച മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയും നടത്തിയതിനുപിന്നാലെയാണ് നടപടി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ലോബോ ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു ആരോപിച്ചു.
കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ രണ്ട് എം.എല്‍.എ.മാര്‍മാത്രമാണ് പങ്കെടുത്തത്. എം. എല്‍.എ.മാരുടെ കൂറുമാറ്റനീക്കത്തെത്തുടര്ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പും മാറ്റിവെച്ചു. അതേസമയം, ഭരണകക്ഷിയായ ബി.ജെ.പി.യിലും അടിയൊഴുക്കുകളുള്ളതായി സൂചനയുണ്ട്.
മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി അഭിപ്രായവ്യത്യാസമുള്ള ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആറ് എം.എല്‍.എ. മാരുടെ പിന്തുണയോടെ ഗ്രൂപ്പ് ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാരെ കൂടെച്ചേര്‍ക്കാനും റാണെ ശ്രമിക്കുന്നുണ്ട്. 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് 25-ഉം കോണ്‍ഗ്രസിന് 11-ഉം അംഗങ്ങളാണുള്ളത്.