ഗുണ്ടകള്‍ മാരകായുധങ്ങളുമായി നടുറോഡില്‍ ഏറ്റുമുട്ടി; അടിപിടി സാമ്പത്തിക ഇടപാടിനെ ചൊല്ലി
പത്തനംതിട്ട: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടിയില്‍ നടുറോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘങ്ങളിലെ അഞ്ചുപേര്‍ മാരകായുധങ്ങളുമായി പോലീസിന്റെ പിടിയിലായി. ചാത്തങ്കരി മണലില്‍ തെക്കേതില്‍ വീട്ടില്‍ വികാസ് ബാബു (30), ചാത്തങ്കരി മുണ്ടകത്തില്‍ എം.ആര്. രാജീവ് (25), പെരിങ്ങര വാലുപറമ്പില്‍ വീട്ടില്‍ സുമിത് (25), പൊടിയാടി കല്ലുങ്കല്‍ മുണ്ടുചിറയില്‍ വീട്ടില്‍ ഗോകുല്‍ ഗോപന് (25), മണിപ്പുഴ പൂത്തറയില്‍ വീട്ടില്‍ അനന്തു (22) എന്നിവരാണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.
ഇവരില്‍നിന്നു വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ പിടികൂടി. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ്.ഐ. പി.കെ.കവിരാജ്, അഡീ. എസ്.ഐ. സാജു പി.വര്‍ഗീസ്, സി.പി.ഒ.മാരായ അഖിലേഷ്, പ്യാരിലാല്‍, അനില്‍ എന്നിവരടങ്ങുന്ന സംഘം സുമിത്, ഗോകുല്‍, അനന്തു എന്നീ പ്രതികളെ സംഭവസ്ഥലത്തുനിന്നും പിടികൂടി. പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട വികാസ് ബാബുവിനെയും രാജീവിനെയും ഞായറാഴ്ച രാവിലെയോടെ പിടികൂടി.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പ്രതികള്‍ തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ഏറ്റുമുട്ടലിന് വഴിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരില്‍ അനന്തുവിനെതിരേ പുളിക്കീഴ് സ്റ്റേഷനിലടക്കം മൂന്ന് ക്രിമിനല്‍ കേസുകളും, വികാസ് ബാബുവിനെതിരേ കഞ്ചാവ് കേസും നിലവിലുണ്ട്. പ്രതികളുടെ കഞ്ചാവ് മാഫിയയുമായുള്ള ബന്ധം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.ഐ. കവിരാജ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.