പരസ്പരം ഹാരം മാറി, അഗ്നിക്ക് ചുറ്റും പ്രദക്ഷിണവും നടത്തി; പിന്നാലെ വരന് കറുപ്പ് നിറമാണെന്ന് ആരോപിച്ച് വധു മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോയി
വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വരന് കറുപ്പ്നിറമാണെന്ന് പരാതി പറഞ്ഞ് വേദിയിൽ നിന്നും ഇറങ്ങിപ്പോയി വധു. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം.ഇരുവീട്ടുകാരും പരസ്പരം തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു നീതയുടേതും രവിയുടേതും. വിവാഹമണ്ഡപത്തിൽ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്.പരസ്പരം ഹാരം കൈമാറുന്നത് ഉൾപ്പെടെ പല ചടങ്ങുകളും കഴിഞ്ഞു. ഒടുവിൽ അഗ്നിക്ക് ചുറ്റും ഏഴു വട്ടം പ്രദക്ഷിണം നടത്തുന്നതിനിടെയാണ് വധു നീത യാദവ് ഏവരെയും ഞെട്ടിച്ചത്. രണ്ടാമത്തെ പ്രദക്ഷിണം പൂർത്തിയായപ്പോഴേക്കും ഫോട്ടോയിൽ കണ്ട വരൻ ഇതല്ലെന്നും ഇയാൾക്ക് പ്രായക്കൂടുതലുണ്ടെന്നും പറഞ്ഞ് നീതത ബഹളം വയ്ക്കുകയായിരുന്നു.പിന്നാലെ വേദിയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. മറ്റാരുടെയോ ഫോട്ടോ കാണിച്ച് തന്നെ കബളിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. എന്നാൽ, വീട്ടുകാർ പരമാവധി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ വാശിക്ക് മുന്നിൽ ഫലമുണ്ടായില്ല. ഒടുവിൽ ക്ഷണിക്കപ്പെട്ടവരുടെ മുന്നിൽ അപമാനിതരായി വരൻ രവി യാദവിനും വീട്ടുകാർക്കും മടങ്ങേണ്ടി വന്നു.വധുവിന് സമ്മാനമായി നൽകിയ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ തിരികെ വേണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും തിരികെ നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, പലവട്ടം പെൺകുട്ടിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും എന്നിട്ടും എന്തുകൊണ്ട് അവൾ ഇങ്ങനെ പെരുമാറിയെന്നത് തന്നെ ഇപ്പോഴും ഞെട്ടിക്കുന്നുണ്ടെന്നുമാണ് രവി യാദവ് പറയുന്നത്.