സജി ചെറിയാന് തെറ്റുപറ്റി, പകരം മന്ത്രി തൽക്കാലം ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി സന്ദർഭോചിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജിയെന്നും പകരം മന്ത്രി തൽക്കാലം ഇല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.’പാർട്ടി നിലകൊള്ളുന്നത് ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടിയാണ്. രാജിവച്ചതിലൂടെ സജി ചെറിയാൻ ഉയർത്തിപ്പിടിച്ചത് ഉന്നത ജനാധിപത്യമൂല്യമാണ്. സജി ചെറിയാന് തെറ്റുപറ്റി. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം തന്നെ മനസിലാക്കി. രാജിവച്ചതോടെ പ്രശ്നങ്ങൾ അപ്രസക്തമായി. വകുപ്പുകൾ കൈമാറുന്നതിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. എ കെ ജി സെന്റർ ആക്രമണത്തിൽ ഊർജിത അന്വേഷണമാണ് നടക്കുന്നത്. പ്രതിയെപ്പിടിക്കാൻ സമയമെടുക്കും’- കോടിയേരി പറഞ്ഞു.