മഴവെള്ളം കെട്ടിക്കിടന്ന് കാൽനടയാത്ര അസാധ്യമാക്കി പാലക്കുന്നിലെ റെയിൽവെ സ്റ്റേഷൻ റോഡ്
പാലക്കുന്ന് :റെയിൽവേയുടെ സ്ഥലം എന്ന് ഊറ്റം കൊണ്ട് നാട്ടുകാരുടെ ഇരുചക്ര വാഹനയാത്ര പോലും നിരോധിച്ച ഇടമാണ് കോട്ടിക്കുളം. പക്ഷേ മഴവെള്ളം കെട്ടിനിന്ന് തിരക്കേറിയ പാലക്കുന്നിലെ സ്റ്റേഷൻ റോഡിൽ കാൽനട യാത്രപോലും ദുസ്സഹമാകുമ്പോൾ, അതിന് കാരണക്കാരായ റയിൽവേ
‘ഞാനൊന്നുമറിയില്ല ദേവനാരായണാ…’എന്ന മട്ടിൽ നിസ്സഹായത നടിച്ചിരിക്കുകയാണ്. പറഞ്ഞുവരുന്നത്, കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ ഗേറ്റിനോട് ചേർന്ന് നിൽക്കുന്ന പടിഞ്ഞാറു ഭാഗത്തെ അവരുടെതായ ഇടത്തിലെ വെള്ളക്കെട്ടിനെ തുടർന്നുണ്ടായ യാത്രാദുരിതത്തെ കുറിച്ചാണ്. കാലവർഷം കടുത്തത്കൊണ്ടുള്ള ദിരിതമല്ല ഇത്. വർഷങ്ങളായി വർഷകാലത്തുള്ള പതിവ് ദുരിതയാത്ര, മഴവിട്ടുമാറിയാൽ നാട്ടുകാരും യാത്രക്കാരും മറക്കും.
സംസ്ഥാന പാതയിൽ നിന്ന് 100 മീറ്ററോളം മാത്രം നീളമുള്ള ഈ പൊതു റോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണിപ്പോൾ . കോൺക്രീറ്റ് ചെയ്ത റോഡിൽ യാത്ര സുഗമമാണ്. പക്ഷേ പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീടിന്റെ പ്രവേശന കവാടം വിട്ട് ഏതാനും മീറ്റർ മാത്രമുള്ള റയിൽവേ വക അപ്രോച്ച് റോഡാണ് കുണ്ടും കുഴിയുമായി ചളി വെള്ളം കെട്ടിക്കിടക്കാൻ കാരണമാകുന്നത്. കേടുപാടുകൾ തീർത്ത് അത്രയും ഇടം നന്നാക്കാൻ പഞ്ചായത്ത് മുൻപ് തയ്യാറായെങ്കിലും റയിൽവേ ഇടമായതിനാൽ അത് സാധ്യമായില്ലെന്ന് വാർഡ് അംഗം സൈനബ അബൂബക്കർ പറഞ്ഞു. റെയിൽവേ അതിനായി ഒരുമ്പെടുന്നുമില്ല. ദുരിതം സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർക്കും നാട്ടുകാർക്കും.