ഷിൻസോ ആബേയുടെ നില അതീവ ഗുരുതരം; ജപ്പാനിൽ അടിയന്തര മന്ത്രിസഭായോഗം വിളിച്ച് പ്രധാനമന്ത്രി; മന്ത്രിമാരെല്ലാം തലസ്ഥാനത്തേക്ക് മടങ്ങാൻ നിർദേശം
ടോക്കിയോ: ജപ്പാനിൽ അടിയന്തര മന്ത്രിസഭായോഗം വിളിച്ച് പ്രധാനമന്ത്രി ഫുമിയോ കിഷിദ. വെടിയേറ്റ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിന് പിന്നാലെയാണ് മന്ത്രിമാരെ അദ്ദേഹം തലസ്ഥാനത്തേക്ക് തിരികെ വിളിപ്പിച്ചത്.ഷിൻസോ ആബേയെ രക്ഷിക്കാൻ ഡോക്ടർമാർ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ആബേ ഇതിനെ അതിജീവീക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. അക്രമം പ്രാകൃതവും വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും കിഷിദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രണ്ട് തവണയാണ് ആബേക്ക് വെടിയേറ്റത്. ഹൃദയാഘാതം കൂടി ഉണ്ടായതാണ് ആബേയുടെ നില ഗുരുതരമാക്കിയത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ പിന്നിൽ നിന്നുള്ള ആക്രമണത്തിൽ കഴുത്തിന്റെ വലതു വശത്താണ് ആബേയ്ക്ക് വെടിയേറ്റത്. അക്രമി എന്നുകരുതുന്ന 41 കാരനായ യമഗാമി തെത്സുയയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ മുൻ നാവിക സേനാ ഉദ്യോഗസ്ഥർ ആണെന്നാണ് റിപ്പോർട്ട്.ആബേയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യൻ അംബാസഡറുമായി സംസാരിച്ചു. മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആബേ.പ്രിയ സുഹൃത്ത് ഷിൻസോ ആബെയ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ അഗാധമായ വേദനയുണ്ട്. ഞങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കുമൊപ്പമുണ്ടെന്ന് മോദി ഫേസ്ബുക്കിൽ കുറിച്ചു.