മദർ തെരേസയുടെ കന്യാസ്ത്രീകളെ നിക്കരാഗ്വയിൽ നിന്നും പുറത്താക്കി, കാൽനടയായി അയൽരാജ്യത്തേയ്ക്ക് അയച്ചു
മനാഗ്വ: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഒഫ് ചാരിറ്റിയുടെ പ്രവർത്തനം നിരോധിച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ നിക്കരാഗ്വ സർക്കാർ കാൽനടയായി കോസ്റ്ററിക്കയിലേക്ക് അയച്ചു. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് 18 കന്യാസ്ത്രീകളെയാണ് കാൽനടയായി അയൽരാജ്യത്തേയ്ക്ക് അയച്ചത്.ദരിദ്ര സമൂഹങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മിഷനറീസ് ഒഫ് ചാരിറ്റി 34 വർഷത്തിലേറെയായി നിക്കരാഗ്വയിലുണ്ട്. ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, അഗതി മന്ദിരങ്ങൾ, കുട്ടികൾക്കായി നഴ്സറികൾ എന്നിവ ഇവർ നടത്തിയിരുന്നു.വിദേശ സംഭാവന നിയമം കർശനമാക്കിയ നിക്കരാഗ്വ സർക്കാർ 2018ന് ശേഷം ഇരുനൂറിലേറെ സംഘടനകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. അടച്ചുപൂട്ടിയവയിൽ പലതും സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നവയാണ്.നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കത്തോലിക്കാ സഭ പരസ്യമായി എതിർത്തിരുന്നു. കലാപത്തിനു പ്രേരണ നൽകുന്നവരെന്നാണ് കത്തോലിക്കരെ സർക്കാർ വിശേഷിപ്പിക്കുന്നത്. പൊലീസിന്റെയും എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് കന്യാസ്ത്രീകളെ അതിർത്തിയിൽ എത്തിച്ചത്.