‘നൂപുർ ശർമയുടെ നാവ് മുറിക്കുന്നവർക്ക് രണ്ട് കോടി’; പാരിതോഷികം വാഗ്ദ്ധാനം ചെയ്ത യുവാവിനെതിരെ കേസ്
ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയുടെ നാവ് മുറിച്ചാൽ രണ്ട് കോടി പാരിതോഷികം വാഗ്ദ്ധാനം ചെയ്തതിന് ഹരിയാന സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു. ഇർഷാദ് പ്രധാൻ എന്നയാൾ പ്രതിഫലം പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നുഹ് പൊലീസിന്റെ നടപടി. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചണ്ഡീഗഡ് ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. രാജ്യത്ത് സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ‘അവളുടെ നാവ് കൊണ്ടുവന്ന് ഇപ്പോൾ തന്നെ രണ്ട് കോടി സ്വന്തമാക്കൂ’ എന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ‘ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ പിന്തുണയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ സോഷ്യൽ മീഡിയ സെല്ലിനോടും നിർദേശം നൽകിയിട്ടുണ്ട്.’- നുഹ് പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു.