നടുവേദനയ്ക്ക് ചികിത്സ തേടിയെത്തി, നൽകിയത് കാൻസർ രോഗികൾക്കുള്ള മരുന്ന്; തങ്കം ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച വയോധികയുടെ കുടുംബം
പാലക്കാട്: തങ്കം ആശുപത്രിക്കെതിരെ വീണ്ടും ആരോപണം. മരുന്ന് മാറി നൽകിയതിന്റെ പാർശ്വഫലം മൂലം വയോധിക മരിച്ചെന്നാണ് പരാതി. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പഴമ്പാലക്കോട് സ്വദേശി സാവിത്രിക്ക് കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നാണ് നൽകിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിനാണ് നടുവേദനയ്ക്ക് ചികിത്സ തേടി സാവിത്രി തങ്കം ആശുപത്രിയിലെത്തിയത്. മരുന്ന് കഴിച്ചതിന് പിന്നാലെ ശരീരം മുഴുവൻ പുണ്ണ് വന്ന് ഗുരുതരാവസ്ഥയിലായി. തുടർന്ന് മറ്റൊരു ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്.
സാവിത്രിയുടെ മരണശേഷം കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി ഒരു വർഷത്തിനിപ്പുറവും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സാവിത്രിയുടെ ഭർത്താവ് മോഹനൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇതിനിടെ ആശുപത്രി അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.