സ്ത്രീയെ ശല്യംചെയ്തയാളെ പിടിക്കാനെത്തിയ പൊലീസുകാർക്ക് വിമുക്തഭടന്റെ കടി, മൂന്നുപേർ ആശുപത്രിയിൽ
പുനലൂർ: ബസ് കാത്തുനിന്ന സ്ത്രീയെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ വിമുക്ത ഭടൻ കടിച്ചുമുറിച്ചു.തെന്മല ഉറുകുന്ന് അണ്ടൂർപ്പച്ച കിഴക്കതിൽ വീട്ടിൽ വിമുക്തഭടനായ അജി ഡാനിയേലാണ് പൊലീസിന് നേരെ അതിക്രമം കണിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പൊലീസുകാരെയും അജി ഡാനിയേൽ ആക്രമിച്ചു.ബുധനാഴ്ച രാത്രി പുനലൂർ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് കാത്തുനിന്ന സ്ത്രീയെ ഒരാൾ ശല്യം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്.ശല്യക്കാരൻ അജി ഡാനിയലാണെന്ന് തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടത് കൈവിരൽ കടിച്ചു മുറിക്കുകയായിരുന്നു. കീഴടക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും മദ്യലഹരിയിലായിരുന്ന അജി ഡാനിയൽ അക്രമം തുടർന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.