കൊച്ചിയിൽ ഹോട്ടലിന് മുകളിൽ കഞ്ചാവ് കൃഷി; അസം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: കഞ്ചാവ് ചെടി വളർത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. അസം നവ്ഗാവോൺ സ്വദേശി കാസിം അലി(24)ആണ് പിടിയിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി യു കുര്യാക്കോസിന്റെ നിർദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ രാജ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.നെട്ടൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലിക്കുനിന്നിരുന്ന കാസിം, ഹോട്ടലിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. ഈ മുറിയോട് ചേർന്ന് ചട്ടിയിൽ മൂന്ന് കഞ്ചാവ് തൈകളാണ് ഇയാൾ വളർത്തിയിരുന്നത്. പ്രതിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍മാരായ ജിന്സണ് ഡോമനിക്, ജോസി, അനസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സീനിയര്‍ സി പി ഒ സനീബ്, സി പി ഒമാരായ മഹേഷ്, സുരേഷ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.