ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരണപ്പെട്ടു, പൊലീസ് മർദനമെന്ന് പരാതി; കളിച്ചപ്പോൾ വീണതെന്ന് പൊലീസ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരണപ്പെട്ടു. ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ചത്.യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ അജിത്തിനെ കസ്റ്റഡിയിൽ എടുത്ത സമയത്ത് ശരീരത്തിൽ ക്ഷതമേറ്റിരുന്നതായി പൊലീസ് പറയുന്നു. കളിച്ചപ്പോൾ വീണതാണെന്ന് യുവാവ് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. കസ്റ്റഡി റിപ്പോർട്ടിൽ ഇക്കാര്യമുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.ശനിയാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴചയാണ് അജിത്തിനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവരെ ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.അതേസമയം, യുവാവ് മരണപ്പെട്ടതിന് പിന്നിൽ പൊലീസ് മർദനമാണെന്ന പരാതി ഉയരുകയാണ്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.