റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടല്‍: മുഖ്യപ്രതി അശ്വതി വാരിയർ പിടിയില്‍
കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം എടപ്പാള്‍ വട്ടക്കുളം കാവുമ്പ്ര സ്വദേശി അശ്വതി വാരിയരെയാണ് കോയമ്പത്തൂരില്‍നിന്ന് മുക്കം പോലീസ് പിടികൂടിയത്. കേസിലെ മറ്റു മൂന്നു പ്രതികളായ മുക്കം വല്ലത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരന് ഷിജിന്, എടപ്പാള്‍ സ്വദേശി ബാബുമോന് എന്നിവരെ കഴിഞ്ഞദിവസം മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനക്കുറ്റത്തിന് കേസെടുത്ത് താമരശ്ശേരി മജിസ്ട്രേറ്റ് (രണ്ട്) മുന്‍പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന വ്യാപക പരാതി ഉയര്‍ന്നിട്ടും കേസെടുക്കാതിരുന്ന പോലീസ് ‘മാതൃഭൂമി’ വാര്‍ത്തയെത്തുടര്‍ന്നാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. മുക്കം, തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ പരാതികളുണ്ട്.
മലബാറില്‍മാത്രം അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായതായാണ് പോലീസിന്റെ നിഗമനം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. കോവിഡ് കാലമായതിനാല്‍ വര്‍ക് ഫ്രം ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നല്‍കിയത്. തുടക്കത്തില്‍ 35,000 രൂപവരെ പ്രതിഫലം നല്‍കിയിരുന്നു. മാന്യമായ ശമ്പളം ലഭിച്ചുതുടങ്ങിയതോടെ പലരും കണ്ണി വികസിപ്പിച്ചു. ഇതോടെ തട്ടിപ്പുസംഘത്തിന്റെ കൈയില്‍ കോടികള്‍ വന്നതോടെ പ്രതിഫലം നല്‍കുന്നത് നിര്‍ത്തി പ്രതികള്‍ മുങ്ങുകയായിരുന്നു.
റെയില്‍വേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാരിയരാണ് തട്ടിപ്പുസംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്. എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരന്. എസ്.സി. മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാള്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി.കെ. കൃഷ്ണദാസിനൊപ്പം നില്ക്കുന്ന ഫോട്ടോ കാണിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
പാര്‍ട്ടി കുടുംബാംഗങ്ങളാണ് തട്ടിപ്പിനിരയായവരിലേറെയും. പ്രതികള്‍ പി.കെ. കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗം ചെയ്തിരുന്നതായി പാര്‍ട്ടി പ്രാദേശിക നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. മുക്കം ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ്, എസ്.ഐ. സജിത്ത് സജീവന്, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ. റഷീദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.