ഒമാനില്‍ ശക്തമായ മഴ തുടരുന്നു; ഒരു മരണം, നിരവധിപേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരു പ്രവാസി മരണപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്.
മസ്കത്ത് ഉള്‍പ്പെടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കനത്ത മഴയാണ് ലഭിച്ചത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസിലുള്ള ഒരു ഗ്രാമത്തില്‍ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് കുടുങ്ങി. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജബല്‍ അല്‍ ശംസില്‍ തന്നെ വാദിയില്‍ അകപ്പെട്ട് കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.