നഗ്നതാ പ്രദർശനം; മാനസികരോഗം മൂലം ചെയ്തുപോയതെന്ന് ശ്രീജിത്ത് രവി .സമർപ്പിച്ച രേഖകൾക്ക് കൊടുത്തിരിക്കുന്ന തീയതി ഇന്നത്തെയാണെന്നും ഇത് അംഗീകരിക്കരുതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന്റെ പേരിൽ പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തത്.നടൻ മുൻപും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ മാനസികാസ്വാസ്ഥ്യം മൂലം ചെയ്തുപോവുകയായിരുന്നെന്നാണ് പ്രതിയുടെ വാദം. മാനസികരോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിക്കുന്ന രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഇവയിൽ കൊടുത്തിരിക്കുന്ന തീയതി ഇന്നത്തെയാണെന്നും ഇത് അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.ഇന്ന് രാവിലെയാണ് പോക്സോ കേസിൽ ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്കുമുന്നിലാണ് ശ്രീജിത് നഗ്നതാ പ്രദർശനം നടത്തിയത്. ഉടൻതന്നെ സ്ഥലം വിടുകയും ചെയ്തു. കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ് രക്ഷിതാക്കൾ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അപമര്യാദയായി പെരുമാറിയ ആളെ കണ്ട് നല്ല പരിചയമുണ്ടെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. കാറിന്റെ നിറവും കുട്ടികൾ പറഞ്ഞു. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്തി പിന്തുടരുകയായിരുന്നു. പിടിയിലായ ശ്രീജിത്തിനെ കുട്ടികൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് കുറ്റം സമതിച്ചത്.