തുറക്കാന്‍ ശ്രമിച്ചത് നിധിയാണെന്ന് കരുതി, അച്ഛനും മകനും മുകള്‍നിലയിലേക്ക് പോയി; ഉഗ്രസ്ഫോടനം
കണ്ണൂര്‍: മട്ടന്നൂരില്‍ അച്ഛനും മകനും ബോംബ് സ്ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിധിയാണെന്ന് കരുതിയാണ് ഇരുവരും സ്ഫോടകവസ്തു തുറന്നുനോക്കിയതെന്നും ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് വിവരം. സ്ഫോടക വസ്തു നിധിയോ മറ്റുവിലപിടിപ്പുള്ള വസ്തുവോ ആണെന്ന് കരുതിയ രണ്ടുപേരും ഇത് തുറക്കുന്നതിന് മുമ്പ് വീട്ടിലെ മറ്റുള്ളവരെ മാറ്റിനിര്‍ത്തിയതായും വിവരങ്ങളുണ്ട്.
കഴിഞ്ഞദിവസമാണ് മട്ടന്നൂര്‍ 19-ാം മൈലില്‍ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ ഫസല്‍ ഹഖ്(45) മകന് ഷഹിദുള്‍(22) എന്നിവര്‍ മരിച്ചത്. മറുനാടന്‍ തൊഴിലാളികളായ ഇരുവര്‍ക്കും ആക്രി സാധനങ്ങള്‍ ശേഖരിച്ചുവില്ക്കുന്ന ജോലിയാണ്. മാസങ്ങളായി സുഹൃത്തുക്കളായ മറ്റുള്ളവര്‍ക്കൊപ്പം 19-ാം മൈലിലെ വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചുവന്നിരുന്നത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഓടുമേഞ്ഞ ഇരുനില വീട്ടില്‍ സ്ഫോടനമുണ്ടായത്. ഉഗ്രശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നനിലയിലും ഫസല്‍ ഹഖിനെ മരിച്ചനിലയിലും കണ്ടെത്തി. കൈപ്പത്തി അറ്റുപോയി മുഖത്തടക്കം മാരകമായി പരിക്കേറ്റ ഷഹിദുള്‍ വീടിന്റെ താഴേക്ക് ഇറങ്ങിവന്നിരുന്നു. ഉടന്‍തന്നെ ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇവര്‍ ശേഖരിച്ച ആക്രി സാധനങ്ങള്‍ തുറന്നുനോക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാകാമെന്ന് പോലീസ് കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. പിന്നാലെ പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്നും പോലീസ് സ്ഥിരീകരിച്ചു.
നിധിയാണെന്ന് കരുതിയാണ് ഇവര്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം കിട്ടിയ ബോംബ് തുറന്നുനോക്കാന്‍ ശ്രമിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ ഇവര്‍ പറഞ്ഞയച്ചു. തുടര്‍ന്ന് അച്ഛനും മകനും വീടിന്റെ മുകള്‍നിലയിലേക്ക് പോയി ബോംബ് തുറന്നുനോക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നു.
അതേസമയം, സ്ഫോടനമുണ്ടായ വീട്ടില്‍നിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് മറ്റ് സ്ഫോടകവസ്തുക്കളൊന്നും ഇല്ലെന്ന് പരിശോധനയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.