കള്ളാ… അത് മുക്കുപണ്ടമാണ്; ബൈക്കിലെത്തി വയോധികയെ ആക്രമിച്ചു, കവര്‍ന്നത് മുക്കുമാല
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തൊഴുതുമടങ്ങുകയായിരുന്ന വയോധികയെ ആക്രമിച്ച് മാല കവര്‍ന്നു. കൈയില്‍ കിട്ടിയത് മുക്കുപണ്ടമാണെന്നറിയാതെ കള്ളന് ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി എട്ടിന് ഗുരുവായൂര്‍ തെക്കേ ബ്രാഹ്മണസമൂഹം റോഡിലായിരുന്നു സംഭവം. തൊട്ടടുത്തുള്ള കല്പക ഫ്ളാറ്റില്‍ താമസിക്കുന്ന മാള സ്വദേശി ബേബി പൈ (70)യുടെ മാലയാണ് പൊട്ടിച്ചത്. സമൂഹം റോഡിലേക്ക് ഇറങ്ങുന്നതിനിടെ പിന്നാലെ ബൈക്കില്‍ വന്നയാള്‍ ബേബിയുടെ കഴുത്തിനു പിന്നില്‍ പിടിച്ചു. നിലവിളിച്ചപ്പോള്‍, ഒരു കൈകൊണ്ട് മാല ബലമായി പൊട്ടിച്ചെടുക്കുകയും മറുകൈകൊണ്ട് തള്ളിയിടുകയുമായിരുന്നു. മോഷ്ടാവ് ബൈക്കില്‍ എടപ്പുള്ളി റോഡിലേക്ക് കുതിച്ചു. റോഡില്‍ വീണ ബേബിയുടെ കൈകള്‍ ഉരഞ്ഞ് പരിക്കേറ്റു. ടെമ്പിള്‍ പോലീസില്‍ പരാതി നല്കി.
ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ പോയാല്‍ രാത്രി എട്ടോടെയാണ് മടങ്ങാറ്. ഇടറോഡുകളില്‍ രാത്രിസമയങ്ങളില്‍ മാല പൊട്ടിക്കല്‍ ഭയന്ന്, ക്ഷേത്രത്തില്‍ പോകുമ്പോള്‍ സ്വര്‍ണം ധരിക്കാറില്ലെന്ന് ഭക്ത പറഞ്ഞു.പകരം മുക്കുമാല കഴിഞ്ഞ ദിവസമാണ് പുതിയതൊന്ന് വാങ്ങിയത്. ഒറ്റനോട്ടത്തില്‍ സ്വര്‍ണമാലയാണെന്ന് തോന്നും. അതുകൊണ്ടാണ് കള്ളന് പിന്നാലെ കൂടിയത്.