സ്കൂളുകളിൽ സിസിടിവി ക്യാമറ ഘടിപ്പിക്കുന്നു; ക്ലാസ് മുറികൾ ഇനി രക്ഷിതാവിന് തത്സമയം കാണാം
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ക്ലാസ് മുറികൾ രക്ഷിതാക്കൾക്ക് തത്സമയം കാണാനും അവസരം ഒരുങ്ങുന്നു. എല്ലാ സർക്കാർ സ്കൂളിലും സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. ക്ലാസ് മുറികളിലെ തത്സമയ കാഴ്ചകൾ മൊബൈൽ ഫോൺ വഴിയാണ് ഓരോ രക്ഷിതാവിലേക്കും എത്തിക്കുക.2019 ൽ ആം ആദ്മി സർക്കാർ സിസിടിവി ക്യാമറ സ്കൂളുകളിൽ ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അദ്ധ്യാപന സംവിധാനത്തിൽ സുതാര്യത കൊണ്ടുവരാനും കൂടിയാണ് ഈ പദ്ധതി സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം. കുട്ടി കൃത്യമായി ക്ലാസിലെത്തുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ രക്ഷിതാവിന് ഉറപ്പിക്കാം.ഓരോ രക്ഷിതാവിനും പ്രത്യേകം ഐഡികളും പാസ്വേഡും ലഭ്യമാക്കും. ഇതനുസരിച്ച് വേണം ലോഗിൻ ചെയ്ത് ലൈവ് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ. രക്ഷിതാവിന്റെ മൊബൈൽ നമ്പറുകളും കുട്ടിയുടെ വ്യക്തിഗത വിവരങ്ങളും സോഫ്ട്വെയറിൽ ഉൾപ്പെടുത്തും. അതുകൊണ്ട് പുറത്തു നിന്നുള്ളവർക്ക് ലൈവ് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാനാകില്ല.