മൂന്നാം നില പണിയണോ? എങ്കിൽ എടുക്ക് 10,000 രൂപ, കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായത് വനിതാ ഓവർസിയർ
തിരുവനന്തപുരം: കുണ്ടമൺകടവ് സ്വദേശി അൻസാറിന്റെ കൈയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓവർസിയർ (ഗ്രേഡ് 2) ശ്രീലതയെ വിജിലൻസ് അറസ്റ്റുചെയ്തു. അൻസാറിന്റെ രണ്ടുനില കെട്ടിടത്തിന് മുകളിലായി മൂന്നാമത്തെ നില പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞമാസം അപേക്ഷ നൽകിയിരുന്നു.സ്ഥല പരിശോധനയ്ക്കെത്തിയ ഓവർസിയർ കെട്ടിടത്തോട് ചേർന്ന് ഷീറ്റ് പാകിയിരുന്നതിനാൽ അനുമതി നൽകാനാവില്ലെന്നും 10,000 രൂപ കൈക്കൂലി നൽകിയാൽ അനുകൂല റിപ്പോർട്ട് നൽകി അനുമതി വാങ്ങി നൽകാമെന്നും പറഞ്ഞു. അൻസാർ ഇക്കാര്യം വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള എച്ച്. വെങ്കിടേഷിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഇന്റലിജൻസ് പൊലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 പൊലീസ് സൂപ്രണ്ട് വി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം നടപടി തുടങ്ങി.ഇന്നലെ വൈകിട്ട് നാലിന് സ്ഥലപരിശോധനയ്ക്കെന്ന പേരിൽ അൻസാറിന്റെ വീട്ടിലെത്തി തിരികെപ്പോകുന്ന വഴി വിളപ്പിൽ ഗ്രാമപഞ്ചായത്തിന് മുന്നിൽവച്ച് അപേക്ഷകനിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ശ്രീലതയെ അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി അനിൽകുമാർ, ഇൻസ്പെക്ടർമാരായ മുഹമ്മദ് റിജാസ്, അനൂപ് ആർ. ചന്ദ്രൻ, രാജീവ്. ബി, സബ് ഇൻസ്പെക്ടർ മോഹനൻ, ഉദ്യോഗസ്ഥരായ അശോകകുമാർ, സജിമോഹൻ, സതീഷ്, സുമന്ത് മഹേഷ്, രാംകുമാർ, സനൂജ, ഇന്ദുലേഖ, ആശമിലൻ, പ്രീത തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.