കാസർകോട് :ജില്ലാഭരണകൂടവും കാസർകോട് തീയേറ്ററിക്സ് സൊസൈറ്റിയും കൈകോർത്തു സംഘടിപ്പിച്ച ഒപ്പരം പുതുവർഷാഘോഷം കാസർകോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായി മാറി.ലോകമെങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഗാഥകൾ വിരിയുന്നതിനൊപ്പം കാസർകോടും വിഭാഗീയതകളില്ലാത്ത സമൂഹത്തിനുവേണ്ടി ജനമനസുകളുടെ ചങ്ങലക്കണ്ണികൾ വിളക്കിച്ചേർത്താണ് രണ്ടാമതൊരിക്കൽ കൂടി ഒപ്പരം ചേർന്ന് ചരിത്രം സൃഷ്ടിച്ചത്.
വൈകിട്ട് ആറുമുതൽ പന്ത്രണ്ട് മണിവരെ ക്രമീകരിച്ച പരിപാടികൾ അത്യഭൂതപൂർവ്വമായ ജനാഭിലാഷം മാനിച്ചു ഇന്ന് പുലർച്ചെ രണ്ടുമണിവരെ തുടർന്നതും മറ്റൊരു ചരിത്രമായി .ഒപ്പരം കാണാനും കേൾക്കാനും ഇന്നലെ സന്ധ്യമുതൽ പുലിക്കുന്ന് സന്ധ്യാരാഗത്തിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു.ആട്ടവും പാട്ടുംകേട്ടും ആകാശത്തിൽ വിരിഞ്ഞ കരിമരുന്നു പ്രയാഗത്തിന്റെ വർണവിസ്മയം കണ്ടും കാസർകോട്ടുകാർ ഇന്ന് പുലർച്ചെവരെ ആനന്ദവിസ്മയത്തിൽ ആറാടുകയായിരുന്നു.
ഒപ്പരം 2020 കാസർകോട് ജില്ലാ കളക്ടർ ഡോ .ഡി.സജിത്ബാബുവിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കളക്ടർ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു.എ.ഡി.എം ദേവീദാസ്,ഹുസൂർ ശിരസ്തദാർ സി,നാരായണൻ,സൊസൈറ്റി സെക്രട്ടറി ടി,എ.ഷാഫി,ടി.വി.ഗംഗാധരൻ,തുളു അക്കാഡമി ചെയര്മാന് ഉമേഷ് സാലിയാൻ ,ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് പി.ഹബീബ്റഹ്മാൻ,ജി.ബി.വത്സൻ,സുബിൻജോസ്,ജില്ലാപഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ,കർണാടക കുവെമ്പു സർവകലാശാലാ മൈസൂരു കേന്ദ്രം ഡയറക്ടർ,ടി.എൻ തൽവാർ,കെ.എസ് .ഗോപാലകൃഷ്ണൻ സന്നിഹിതരായി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവ് കാട്ടിയ ഒപ്പന,കാടകത്തെ കുട്ടികളുടെ പാപ്പാത്തി നാടകം, തിരുവാതിര, മാർഗംകളി, ചവിട്ടുനാടകം,മോണോആക്ട്തുളുനാടിന്റെ കാങ്കിലനൃത്തം കണ്ണൂർ കലക്ടർ ടി വി സുഭാഷ് അവതരിപ്പിച്ച ഗസൽ, കോഴിക്കോട് റിഥം ബീറ്റ്സിന്റെ മ്യൂസിക് ബാൻഡ്, നാടൻപാട്ട്, കങ്കില നൃത്തം, ഫോക് ക്ലാസിക്കൽ ഫ്യൂഷൻ, മോണോആക്ട്, പുരുഷന്മാരുടെ ഒപ്പന തുടങ്ങിയവ തുറന്ന സ്റ്റേജിൽ അരങ്ങേറി .പുരുഷന്മാരുടെ ഒപ്പനയിൽ ജില്ലാകളക്ടർ സജിത്ബാബു പുതുമണവാളനായെത്തി ജനങ്ങളുടെ അഭിനന്ദനപ്പൂക്കൾ വാരിക്കൂട്ടി.
രാത്രി പന്ത്രണ്ട് മണിക്ക് മിസ്റ്റർ ഹെട്രേഡിന് ജില്ലാ കളക്ടർ സജിത്ബാബു തീകൊളുത്തി.