ഡീസൽ ക്ഷാമം രൂക്ഷം, കണ്ണൂരിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി
കണ്ണൂർ: തുടരെ രണ്ടാം ദിവസവും ഡീസൽ ക്ഷാമം രൂക്ഷമായത് കണ്ണൂരിലെ കെഎസ്ആർടിസി സർവീസുകളെ ബാധിച്ചു. ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയൽ ജില്ലകളിലേക്കുള്ളത് ഉൾപ്പെടെ 40 സർവീസുകൾ ഇതുവരെ മുടങ്ങി. മലയോര മേഖലകളിൽ ഡീസൽ ഇല്ലാത്തത് കാരണം പല ബസുകളും ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയില്ല. കഴിഞ്ഞ ദിവസവും കണ്ണൂരിൽ ഡീസൽ ക്ഷാമം അനുവഭപ്പെട്ടിരുന്നു. 7 സർവീസുകളെ ഇത് ബാധിച്ചു. നിത്യ ചെലവിനുള്ള പണം ജീവനക്കാരുടെ ശമ്പളത്തിനായി നീക്കി വയ്ക്കേണ്ടി വന്നതാണ് പെട്ടന്ന് പ്രതിസന്ധി ഉണ്ടാക്കിയതെന്നാണ് കെഎസ്ആർടിസിയുടെ വാദം. ഡീസൽ അടിച്ച വകയിൽ സ്വകാര്യ പമ്പിന് പണം നൽകാനുള്ളതിനാൽ കടം കിട്ടാത്ത അവസ്ഥയാണ്. കൂടാളിയിൽ നിന്ന് ഡീസൽ എത്തിച്ച് പ്രതിസന്ധി പരിഹരിക്കാൻ നീക്കം തുടങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു.