പാലക്കാട് നവജാതശിശുവും അമ്മയും മരിച്ച സംഭവം; തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടർ ചെയർമാനും ഡിഎംഒ വൈസ് ചെയർമാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയോട് സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകി. ചികിത്സാ പിഴവ് മൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.ആശുപത്രിക്കെതിരെ കൂടുതൽ പരാതികൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം മരിച്ച കാർത്തികയുടെ ചികിത്സയിലും പിഴവ് സംഭവിച്ചെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെയാണ് ഭിന്നശേഷിക്കാരിയായ കാർത്തിക മരിച്ചത്. അനസ്തേഷ്യ നൽകുന്നതിലെ പിഴവാണ് മരണകാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി.പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ. അതേസമയം, മൂന്ന് മരണങ്ങളിലും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തങ്കം ആശുപത്രി അധികൃതർ അറിയിച്ചു.