ആദ്യം സിനിമയിലൂടെ കണ്ണ് നനയിച്ചു, ഇപ്പോഴിതാ മനസ് നിറയ്ക്കുന്ന തീരുമാനവുമായി എത്തി, കെെയടി നേടി 777 ചാർളി ടീം
മലയാളി സംവിധായകൻ കിരൺ രാജ് സംവിധാനം ചെയ്ത ‘777 ചാർലി’ എന്ന ചിത്രം പ്രേക്ഷകർ ഇരുകെെയും നീട്ടി സ്വീകരിച്ചിരുന്നു. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നടൻ രക്ഷിത് ഷെട്ടിയും ഒരു നായ്ക്കുട്ടിയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.നായപ്രേമിയല്ലാത്തവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. ഇപ്പോഴിതാ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്നതിനിടെ പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന രാജ്യത്തെ എൻ.ജി.ഓകൾക്ക് നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ നിർമാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ചാർലിയുടെ പേരിലായിരിക്കും ഈ തുക നൽകുക. 777 ചാർലി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. അതിരുകളില്ലാത്ത സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രക്ഷിത് ഷെട്ടി പറഞ്ഞു. ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാദ്ധ്യമാക്കാൻ ഒപ്പം നിന്ന ഓരോ വ്യക്തിക്കുമായി വീതിച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി