തിരുവനന്തപുരത്ത് നിന്ന് പതിനാറുകാരൻ കണ്ണൂരിലേക്ക് വണ്ടി കയറിയത് മുയലിനെ വിറ്റ കാശുമായി, അഞ്ചാം ക്ലാസുകാരി യൂണിഫോം മാറ്റിയത് തിയേറ്ററിലെ ടോയ്ലറ്റിലെത്തി
കണ്ണൂർ: കാണാതായ അഞ്ചാം ക്ലാസുകാരി തിരുവനന്തപുരത്തെ പതിനാറുകാരനൊപ്പം സിനിമ കാണാൻ പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കണ്ണൂരിലെ ഒരു പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം തിയേറ്ററിലേക്ക് പോയത്. ഇന്നലെയായിരുന്നു സംഭവം.
മുയലിനെ വിറ്റ പൈസ കിട്ടിയെന്നും കാണാൻ വരുമെന്നും പെൺകുട്ടിക്ക് നേരത്തെ കൗമാരക്കാരൻ മെസേജ് അയച്ചിരുന്നു. കൈനീട്ടം കിട്ടിയ പണവും, വീട്ടിൽ നിന്ന് പലപ്പോഴായി ലഭിച്ച തുകയും ഉൾപ്പടെ മൂവായിരത്തോളം രൂപ പതിനാറുകാരന്റെ കൈവശമുണ്ടായിരുന്നു. തുടർന്ന് കെ എസ് ആർ ടി സി ബസിൽ കയറി കണ്ണൂരിലെത്തി.പനി ആയതിനാൽ നാളെ ക്ലാസിൽ വരില്ലെന്ന് പെൺകുട്ടി തിങ്കളാഴ്ച വൈകിട്ട് അമ്മയുടെ ഫോണിൽ നിന്ന് അദ്ധ്യാപികയ്ക്ക് മെസേജ് അയച്ചിരുന്നു. അദ്ധ്യാപികയുടെ മറുപടി കിട്ടിയ ഉടൻ അത് ഡിലീറ്റ് ചെയ്തു. തുടർന്ന് വിദ്യാർത്ഥിനി പതിവുപോലെ സ്കൂൾ വാനിൽ കയറി. സ്കൂളിന്റെ മുന്നിലിറങ്ങിയ പെൺകുട്ടി, കാത്തുനിന്ന പതിനാറുകാരനെ കണ്ടുമുട്ടി. തുടർന്ന് നേരെ തീയേറ്ററിലേക്ക് പോയി. അവിടത്തെ ടോയ്ലറ്റിൽവച്ച് പെൺകുട്ടി യൂണിഫോം മാറി, കൈയിൽ കരുതിയിരുന്ന വസ്ത്രം ധരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.വിദ്യാർത്ഥിനി സ്കൂളിന്റെ മുൻപിൽ ഇറങ്ങുന്നത് ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി കണ്ടിരുന്നു. ഇത് അദ്ധ്യാപികയോട് പറഞ്ഞു. വിവരം അറിഞ്ഞ അദ്ധ്യാപിക ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി വാനിൽ ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. സ്കൂളിലെത്തിയ വിദ്യാർത്ഥിനിക്ക് പിന്നെന്ത് സംഭവിച്ചു എന്നറിയാതെ പരക്കംപാഞ്ഞ അദ്ധ്യാപകർ വീട്ടിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.