എന്തിന് രാജി വയ്ക്കണം? പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു; വിവാദത്തിൽ പ്രതികരിച്ച് സജി ചെറിയാൻ
തിരുവനന്തപുരം: വിവാദം കത്തി നിൽക്കുമ്പോഴും താൻ രാജി വയ്ക്കാനില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. എകെജി സെന്ററിൽ ചേർന്ന സിപിഎം അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തേക്കു വന്നപ്പോഴായിരുന്നു മാദ്ധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചത്. താൻ എന്തിന് രാജി വയ്ക്കണമെന്നും എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും എ കെ ജി സെന്ററിൽ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ സജി ചെറിയാനെ വിളിപ്പിക്കുകയും ചെയ്തത്. മന്ത്രി വി എൻ വാസവനൊപ്പമാണ് സജി ചെറിയാൻ എത്തിയത്. ഭരണഘടനയെ വിമർശിച്ചിട്ടില്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടാനിയായതിൽ ഖേദം പ്രകടിപ്പിക്കുന്നു. വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്.അതേസമയം, ഭരണഘടനയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു . ചോദ്യോത്തര വേള ആരംഭിച്ച് മിനിട്ടുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കാതെ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലേയ്ക്ക് ഇറങ്ങി. എട്ട് മിനിട്ടുമാത്രമാണ് സഭ കൂടിയത്.കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ നടന്ന പൊതുപരിപാടിയിൽ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നായിരുന്നു മന്ത്രി പറഞ്ഞത്. വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിരുന്നു. ഈ വിഷയത്തിൽ ഗവർണർക്ക് കോൺഗ്രസ്, ബി ജെ പി നേതാക്കൾ പരാതി നൽകുകയും, മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയും ചെയ്തിരുന്നു.