കൊട്ടാരക്കരയിലെ വാഹനാപകടം: ദമ്പതികൾക്ക് പിന്നാലെ മൂന്നു വയസുകാരി മകളും മരണത്തിന് കീഴടങ്ങി
കൊല്ലം: കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ശ്രേയ (ശ്രീക്കുട്ടി) മരിച്ചു. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും അപകടത്തിൽ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ബിനീഷും കുടുംബവും കൊട്ടാരക്കരയിലെ വീട്ടിലേക്ക് പുറപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിലേക്ക് എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു.
നിയന്ത്രണം വിട്ട ആൾട്ടോ കാർ കരയോഗം മന്ദിരത്തിന്റെ മതിൽ ഇടിച്ചുതകർത്താണ് നിന്നത്. കാർ പൂർണമായും തകർന്നു. ഓടിക്കൂടിയവർ കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് അഞ്ജുവിനെയും ശ്രേയയെയും പുറത്തെടുത്തത്. അതുവഴിവന്ന പിക്കപ്പ് വാനിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജു മരിച്ചു.
കൊട്ടാരക്കര, അടൂർ ഫയർഫോഴ്സും പൊലീസുമെത്തി അര മണിക്കൂർ പരിശ്രമിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ബിനീഷിനെ പുറത്തെടുത്തത്. ഉടൻ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ മൊബൈൽ എഞ്ചിനിയറായിരുന്നു ബിനീഷ്.